ഒരുങ്ങിയത് രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഓഫീസ്
കണ്ണൂർ: സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഓഫീസാണ് ഇന്നലെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അഴീക്കോടൻ മന്ദിരം. അഞ്ച് നിലകളിലായി 80,000 ചതുരശ്ര അടിയിലാണ് പാർട്ടി ഓഫീസ് പണിതിരിക്കുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി മന്ദിരത്തിന് 70,000 ചതുരശ്ര അടിയാണ്.
ഇതിനു പുറമെ രണ്ട് നിലകൾ പാർക്കിംഗിനായും ഉണ്ട്. നൂറ് വാഹനങ്ങൾ വരെ ഒരുമിച്ച് പാർക്ക് ചെയ്യാൻ കഴിയുന്നതാണ് ഇത്. ഗ്രൗണ്ട് ഫ്ളോറിൽ ഫ്രണ്ട് ഓഫീസും എം.പി മാരുടെ ഓഫീസും അടുക്കളയും വാർത്ത സമ്മേളനം ചേരുന്നതിനുള്ള ഹാളുമാണുള്ളത്. ഒന്നാം നിലയിൽ ജില്ല സെക്രട്ടറിയുടെ ഓഫീസ്, ബാലസംഘത്തിന്റയും എസ്.എഫ്.ഐയുടെയും ഓഫീസുകൾ കോൺഫറൻസ് ഹാൾ എന്നിവ. രണ്ടാം നിലയിൽ ജില്ല സെക്രട്ടിയേറ്റ് യോഗം ചേരുന്നതിനുള്ള ഹാളും വിപുലമായ ഓഫീസുമാണുള്ളത്. മൂന്നാം നിലയിൽ ജില്ല കമ്മിറ്റി യോഗം ചേരുന്നതിനുള്ള ഹാൾ. നൂറ് പേർക്ക് ഇരിക്കാൻ കഴിയുന്നതാണിത്. ഇതിന് പുറമെ ചെറിയ രണ്ട് കോൺഫറൻസ് ഹാളുകളും ഒരുക്കിയിട്ടുണ്ട്. നാലാം നിലയിൽ വിപുലമായ കോൺഫറൻസ് ഹാൾ, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം എന്നിവ. അഞ്ചാം നിലയിൽ വലിയൊരു ഹാൾ എന്നിങ്ങനെയാണുളളത്.
അടിയന്തരാവസ്ഥ കാലത്തെ കണ്ണൂരിന്റെ ചരിത്രമായിരുന്നു പൊളിച്ചുമാറ്റിയ അഴീക്കോടൻ മന്ദിരം. പഴയ ഓഫീസിലുണ്ടായ അതേതടികൾ കൊണ്ട് അതേ മാതൃകയിലാണ് മുന്നിലുള്ള തൂണുകൾ നിർമ്മിച്ചിട്ടുള്ളത്. ചരിത്ര പരമായ പല മുന്നേറ്റങ്ങൾക്കും ഇനിയും സാക്ഷ്യം വഹിക്കാൻ പോകുന്നതായിരിക്കും പുതിയ ഓഫീസെന്ന് നേതാക്കളും പ്രവർത്തകരും ഒരേസ്വരത്തിൽ പറയുന്നു.
പ്രധാന ആകർഷണം എ.കെ.ജി ഹാൾ
ജില്ല കമ്മിറ്റി ഓഫീസിൽ എത്തുന്നവർക്ക് പ്രധാന ആകർഷണമാണ് കെട്ടിടത്തോട് ചേർന്നൊരുക്കിയ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി ഹാൾ. എ.കെ.ജിയുടെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റെൻസിൽ ആർട്ടും ഇതിന്റെ ചുവരിൽ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശിൽപ്പി ഉണ്ണി കാനായിയും സംഘവുമാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച രാവും പകലുമില്ലാതെ മുപ്പത് പേരുടെ അധ്വാനമാണ് സ്റ്റെൻസിൽ ആർട്ടിന്റെ പിന്നിലെന്ന് ഉണ്ണി കാനായി പറഞ്ഞു. ഓഫീസിൽ എത്തുന്നവരെല്ലാം ഇതിന്റെ മുന്നിൽ നിന്നും ഫോട്ടോയെടുത്താണ് മടങ്ങുന്നത്.
പ്രവർത്തകരുടെ ചോരയും നീരും
കണ്ണൂർ ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന പാർട്ടി അനുഭാവികളുടെയും പ്രവർത്തകരുടെയും അധ്വാനത്തിന്റെ ഫലമാണ് പാർട്ടി ഓഫീസെന്ന് ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ പ്രവർത്തകർ പറയുന്നു. 20 മാസം കൊണ്ട് 15 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. മൂലധനം പ്രവർത്തകർ സ്വമേധയ പാർട്ടിക്ക് നൽകിയ തുക. അതിന്റെ വൈകാരികത പുതിയ പാർട്ടി ഓഫീസിനോട് പ്രവർത്തകർക്കുണ്ട്.