പൊലീസ് ബൂട്ടുകൾ നിരങ്ങിയ ഇരുണ്ട നാളുകൾ...

Tuesday 21 October 2025 12:11 AM IST
പഴയ അഴീക്കോടൻ മന്ദിരം

കണ്ണൂർ: പുതുക്കിപ്പണിത അഴീക്കോടൻ മന്ദിരത്തിന്റെ ഓരോ കൽച്ചുമരിനും പറയാനുള്ളത് അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പിന്റെ അനശ്വര കഥകൾ. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥയുടെ മുറിവുകളാണ് അതിൽ പ്രധാനം. പുലിക്കോടൻ നാരായണൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ബൂട്ടുകളുടെ മുദ്രകൾ ആ ഓഫീസ് കെട്ടിടത്തിന്റെ ഓരോ മൂലയിലും പതിഞ്ഞിരുന്നു.

അടിയന്തരാവസ്ഥയുടെ കാർമേഘങ്ങൾ നിറഞ്ഞു നിന്ന കാലത്ത് കണ്ണൂർ ജില്ലയിൽ ഡിവൈ.എസ്.പിയായിരുന്ന മൂസതും ടൗൺ എസ്‌.ഐ പുലിക്കോടൻ നാരായണനും അവരുടെ പ്രതികാര നടപടികളുടെ വേദിയാക്കി മാറ്റിയത് സി.പി.എം ജില്ലാകമ്മറ്റി ഓഫീസ് കെട്ടിടത്തെയായിരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓഫീസിലേക്ക് പാഞ്ഞുകയറി പരിശോധന എന്ന പേരിൽ ഭീഷണി പ്രയോഗങ്ങൾ അവരുടെ പതിവായിരുന്നു. പാർട്ടിപ്രവർത്തകർ പുറത്തിറങ്ങുന്നതു പോലും തടഞ്ഞ ആ കാലത്ത്, സി.പി.എം ഓഫീസ് എന്നത് പൊലീസ് അതിക്രമങ്ങളുടെ ലക്ഷ്യസ്ഥാനമായി. മുക്കിലും മൂലയിലും തിരച്ചിൽ നടത്തി, കണ്ണിൽകണ്ടതെല്ലാം വാരിവലിച്ചിട്ടും തല്ലിതകർത്തിട്ടുമാണ് രോഷം തീർത്തത് എന്ന് അന്നത്തെ പാർട്ടി പ്രവർത്തകർ ഓർമ്മിക്കുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ജയിലിലായിരുന്ന ആ സമയത്ത്, പാർട്ടി ഓഫീസിൽ താമസമുറപ്പിച്ചിരുന്ന അന്നത്തെ ഏരിയാ സെക്രട്ടറി കെ.പി സുധാകരൻ ആ ഭീകര നാളുകൾ ഓർത്തു. പാട്യം ഗോപാലനെയും എം.വി രാഘവനെയും അന്വേഷിച്ചായിരുന്നു പലപ്പോഴും പൊലീസിന്റെ വരവ്. 'പാട്യവും എം.വി ആറും എവിടെയേടാ' എന്ന ചോദ്യത്തോടൊപ്പം തെറിയഭിഷേകവും ശാരീരിക പീഡനവും സാധാരണമായിരുന്നു.