വീണ്ടും വഴിമുടക്കി കബാലി

Tuesday 21 October 2025 12:00 AM IST
ഇന്നലെ പുലർച്ചെ ആനക്കയത്ത് വഴിമുടക്കി നിന്ന കൊമ്പൻ കബാലി

  • ഗതാഗതനിയന്ത്രണത്തിന് വനംവകുപ്പ്

ചാലക്കുടി: കൊമ്പൻ കബാലി തുടർച്ചയായി ഗതാഗതം തടയുന്നത് കണക്കിലെടുത്ത് മലക്കപ്പാറ റോഡിൽ ഗതാഗതനിയന്ത്രണം അടക്കമുള്ള നടപടിയിലേക്ക് കടക്കാൻ വനംവകുപ്പ്. ഞായറാഴ്ച അഞ്ച് മണിക്കൂറോളം ഗതാഗതസ്തംഭനമുണ്ടാക്കിയ കബാലി മൂന്ന് വാഹനങ്ങളും ആക്രമിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ വീണ്ടും റോഡിലിറങ്ങിയ കൊമ്പൻ രാവിലെ ഏഴ് വരെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചില്ല. തീപ്പന്തം വലിച്ചെറിഞ്ഞും ഒച്ചവച്ചും ആനയെ തുരത്തുന്ന പതിവ് തന്ത്രം ഒന്നും ഫലിച്ചില്ല. വലിച്ചെറിയുന്ന പന്തം ചവിട്ടിക്കെടുത്തി കബാലി അവിടെത്തന്നെ നിൽക്കും. ഷോളയാർ ആനക്കയം ഭാഗത്ത് നിൽക്കുന്ന ചൂണ്ടപ്പനകൾ ആന റോഡിലേക്ക് മറിച്ചിട്ട് ഭക്ഷിക്കുമ്പോഴാണ് ഗതാഗത തടസമുണ്ടാകുന്നത്. ഇത് തിന്ന് തീർക്കാൻ വേണ്ടിവരുന്ന സമയമത്രയും വാഹനങ്ങൾ റോഡിന്റെ ഇരുവശത്തും കിടക്കും. ഒരു പന തിന്ന് തീർക്കാൻ മണിക്കൂറുകളോളം വേണം. ഇത്രയും നേരം വാഹനങ്ങൾ ഓടിക്കാനാകാതെ വിനോദസഞ്ചാരികളുടെ അടക്കമുള്ള വാഹനങ്ങൾ വഴിയിൽ കിടക്കും. ഞായറാഴ്ച വൈകിട്ട് കോതമംഗലം യൂണിറ്റിൽ നിന്നും വിനോദയാത്രയ്‌ക്കെത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് കബാലി അടിച്ചു തകർത്തിരുന്നു. രണ്ട് കാറുകളുടെ നേരെയും ആക്രമണമുണ്ടായി. എന്നാൽ ആർക്കും പരിക്കേറ്റില്ല. വന്യജീവികൾക്ക് പ്രത്യേകസംരക്ഷണമുള്ള മേഖലയായതിനാൽ ഇവിടെ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുക സാദ്ധ്യമല്ല. ഈ സാഹചര്യത്തിലാണ് ഗതാഗതനിയന്ത്രണത്തിന് വനം വകുപ്പ് ആലോചിക്കുന്നത്. വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ബസുകളും അവശ്യ സർവീസ് വാഹനങ്ങളും കടന്നുപോകുമ്പോൾ കൂടുതൽ വനപാലകർ സുരക്ഷാവലയം തീർക്കുകയും ചെയ്യുന്ന ദൗത്യം രണ്ടുവർഷം മുമ്പ് കബാലി ഭീഷണിയിൽ നടപ്പിലാക്കിയിരുന്നു. മദപ്പാടുള്ള കാലഘട്ടത്തിലാണ് കബാലി ഷോളയാറിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് വരെ റോഡിലൂടെ തലങ്ങും വിലങ്ങും നടന്ന ആന പിന്നീട് ആനക്കയത്ത് വച്ചാണ് കാട്ടിലേക്ക് കയറിപ്പോയത്. വീണ്ടും ഇവൻ തിരികെയെത്തി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് വനപാലകർ ഭയക്കുന്നു. ഷോളയാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കബാലിയെ നേരിടുന്നതിന് തലങ്ങും വിലങ്ങും പായുകയാണ്. ഇന്നലെ ഏഴാറ്റുമുഖത്ത് നിന്ന് ആർ.ആർ.ടി സംഘവുമെത്തി.