ഇഡ്ഡലിതട്ടിൽ കൈവിരൽ കുടുങ്ങി
Tuesday 21 October 2025 12:00 AM IST
ചാലക്കുടി: ഇഡ്ഡലി തട്ടിൽ കൈവിരൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി അഗ്‌നിശമന സേന. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് സ്റ്റീൽ തട്ട് മുറിച്ചു മാറ്റി കുട്ടിയെ സ്വതന്ത്രമാക്കിയത്. കുറ്റിച്ചിറ കുണ്ടുകുഴിപാടം തെക്കേടത്ത് ജിനേഷ് - അഖില ദമ്പതികളുടെ മകൾ ഇഷാന്റ കൈവിരലാണ് പാത്രത്തിന്റെ ദ്വാരത്തിൽ അകപ്പെട്ടത്. ഞായറാഴ്ച രാത്രി കളിക്കുന്നതിനിടെയായിരുന്നു സംഭവം. വീട്ടുകാർ ശ്രമിച്ചിട്ടും കുട്ടിയുടെ കൈവിരൽ ഊരിയെടുക്കാനായില്ല.തുടർന്ന് ചാലക്കുടിയിലെ അഗ്‌നിശമന സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ ഇഷാനെ സ്റ്റേഷനിൽ എത്തിച്ചു. സീനിയർ റെസ്‌ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ എട്ടോളം ഉദ്യോഗസ്ഥർ ദൗത്യത്തിൽ പങ്കാളികളായി.