സ്വർണപ്പണയ സ്ഥാപന ഉടമ യുവതിയെ മർദ്ദിച്ചതായി പരാതി
ഹരിപ്പാട് : പണയം വച്ച ഉരുപ്പടിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വർണ്ണപ്പണയ സ്ഥാപന ഉടമ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. തൃക്കുന്നപ്പുഴ കിഴക്കേക്കര സിദ്ധു നിവാസിൽ സരിതയ്ക്കാണ് പരിക്കേറ്റത്.ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. കല്ലുപുരയ്ക്കൽ സനൽകുമാറിന്റെ ഉടമസ്ഥതയിലുള്ള തേജസ് സ്വർണ്ണപ്പണയ ഇടപാട് സ്ഥാപനത്തിൽ 2022 ഒക്ടോബർ 23ന് പണയംവച്ച രണ്ട് ഗ്രാം തൂക്കമുള്ള വള തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സരിത വെള്ളിയാഴ്ച സ്ഥാപന ഉടമയെ ഫോണിൽ വിളിച്ചിരുന്നു. ചീട്ട് നോക്കിയശേഷം പിന്നീട് വിവരമറിയിക്കാമെന്ന് ഉടമ പറഞ്ഞു. പിന്നീട്, കാർത്തിക വീട്ടിൽ സജിത എന്നൊരാൾ പണയം ഉരുപ്പടി എടുത്തുകൊണ്ടു പോയതായി സനൽകുമാർ അറിയിച്ചു. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പണയച്ചീട്ട് ഉൾപ്പെടെ തന്റെ കൈവശമാണെന്നും സരിത പറഞ്ഞു. തുടർന്ന് സ്ഥാപന ഉടമ ഇന്നലെ രാവിലെ വീട്ടിൽ എത്തി സ്വർണം തിരികെ എടുത്തതായി രജിസ്റ്റർ ബുക്ക് കാണിച്ചു. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും തന്നെ മർദ്ദിക്കുകയും ചെയ്തതായി തൃക്കുന്നപ്പുഴ പൊലീസിൽ സരിത നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.