ജില്ലയിൽ ശേഖരിച്ചത് 16.38 ടൺ ഇ മാലിന്യം
ആലപ്പുഴ: നഗരസഭ പരിധിയിലെ ഇ-മാലിന്യ ശേഖരണം ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ജില്ലയിൽ ശേഖരിച്ചത് 16.38 ടൺ മാലിന്യം. ഏറ്രവും കൂടുതൽ മാലിന്യം ശേഖരിച്ച ജില്ലകളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ആലപ്പുഴ. 92 ടൺ മാലിന്യമാണ് സംസ്ഥാനത്ത് ആകെ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. പദ്ധതി ആരംഭിച്ച് മൂന്നുമാസത്തിനുള്ളിലാണ് ഇത്രയധികം മാലിന്യം ശേഖരിച്ചത്.
മാലിന്യം ശേഖരിച്ചതിന് ക്ലീൻ കരള കമ്പനി ഹരിതകർനമ്മസേനയ്ക്ക് 8.29 ലക്ഷം രൂപ നൽകി. പുനരുപയോഗിക്കാൻ കഴിയുന്നവയ്ക്കാണ് പണം നൽകുന്നത്.
ജൂലായ് 15നാണ് സംസ്ഥാന തലത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് ഘട്ടംഘട്ടമായി ഓരോ ജില്ലയിലും പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് തലത്തിൽ ഇ- മാലിന്യ ശേഖരനം ആരംഭിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
43 ഇനം ഇ- മാലിന്യമാണ് സർക്കാർ ശേഖരിക്കുന്നത്. ഒരു കിലോയ്ക്ക് പഴയ റഫ്രിജിറേറ്ററിന് 16 രൂപയാണ് വില. ലാപ്‌ടോപ്പ്- 104, എൽ.സി.ഡി, എ.ഇ.ഡി ടിവി- 16, ടോപ് ലോഡ് വാഷിംഗ് മെഷീൻ- 16, ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാൻ- 41, മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്- 17, എയർ കണ്ടീഷണർ- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ.
മുന്നിൽ എറണാകുളം
93 നഗരസഭകളിലാണ് ശേഖരണം നടന്നത്. ഏറ്റവുകൂടുതൽ ഇമാലിന്യം ശേഖരിച്ചത് എറണാകുളം ജില്ലയിലാണ്. 14 നഗരസഭകളിൽ നിന്നായി 21527.11 കിലോ മാലിന്യം ശേഖരിച്ചു. കോഴിക്കോട് ജില്ലയാണ് മൂന്നാമത്. 12335 കിലോ മാലിന്യമാണ് ഇവിടെ നിന്ന് ലഭിച്ചത്. വയനാട് ജില്ലയിൽ നിന്നാണ് ഏറ്റവും കുറവ് മാലിന്യംശേഖരിച്ചത്. 525 കിലോ.
ആപത്കരമായ മാലിന്യം 4.93 ടൺ
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നിന്നാണ് ആപത്കരമായ മാലിന്യം ശേഖരിച്ചത്. ആലപ്പുഴയിൽ 345.15 കിലോ ശേഖരിച്ചു. ഏറ്റവും കൂടുതൽ ആപത്കരമായ മാലിന്യം ശേഖരിച്ചത് കണ്ണൂരിൽ നിന്നാണ് 3660 കിലോ. കോട്ടയം (365.5കി.ഗ്രാം ), എറണാകുളം 552.5കി.ഗ്രാം), മലപ്പുറം (11.15കി.ഗ്രാം) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ട്യൂബ്, സി.എഫ്.എൽ തുടങ്ങിയവയാണ് ആപത്കരമായ മാലിന്യങ്ങളിൽ ഉൾപ്പെടുന്നത്.