മുന്നോട്ട് നീങ്ങാതെ മൊബിലിറ്റി ഹബ്ബ്

Tuesday 21 October 2025 1:03 AM IST

ആലപ്പുഴ : ജില്ലാക്കോടതി പാലം നവീകരണത്തിന്റെ ജോലികൾ പുരോഗമിക്കുമ്പോഴും എങ്ങുമെത്താതെ ആലപ്പുഴ ബസ് സ്റ്റാൻഡും ജലഗതാഗതസംവിധാനങ്ങളും റെയിൽവേ സ്റ്റേഷനുമായി പരസ്പരം ബന്ധിപ്പിക്കുന്ന മൊബിലിറ്റി ഹബ്ബ് പദ്ധതി. രൂപരേഖ പ്രകാരം നഗരത്തിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് പരിസരം മുതൽ പഴയ പൊലീസ് ഔട്ട് പോസ്റ്റ് വരെയാണ് മേൽപ്പാലം വരുന്നത്.

2016ൽ പ്രഖ്യാപിച്ച ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ രൂപരേഖയിൽ സ്വകാര്യബസ് സ്റ്റാൻഡ് മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ മേൽപ്പാലം നിർമ്മിക്കാൻ സാദ്ധ്യത പരിശോധിച്ചിരുന്നു. ഹബ്ബിന്റെ രൂപരേഖ സംബന്ധിച്ച് യാതൊരു അറിയിപ്പും മൊബിലിറ്റി പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഇൻകെൽ അധികൃതർ ജില്ലാക്കോടതി പാലം പുനർനിർമ്മിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡിന് നൽകിയിട്ടില്ല. ഇതോടെ ജില്ലാക്കോടതി പാലത്തിന്റെ രൂപരേഖയ്ക്ക് അനുസൃതമായി ഹബ്ബിന്റെ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടിവരും.

മൊബിലിറ്റി ഹബ്ബിന്റെ നിർമ്മാണം ആരംഭിക്കുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ വാഹനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിൽ വളവനാട്ടുള്ള സ്ഥലത്ത് ഗാരേജ് നിർമ്മാണത്തിനായി ഏഴ് കോടി രൂപ മുടക്കിയിരുന്നു. താത്‌കാലിക കെട്ടിട നിർമ്മാണവും അഗ്നിശമനസംവിധാനങ്ങൾ ഘടിപ്പിക്കലുമാണ് ശേഷിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിക്കാൻ കനാലുകളോട് ചേർന്ന് മോണോ റെയിൽ അടക്കമാണ് മൊബിലിറ്റി ഹബ്ബിൽ പ്രഖ്യാപിച്ചിരുന്നത്. ഹബ്ബ് പ്രഖ്യാപിച്ച 2016ന് ശേഷം കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടത്തിൽ യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല.

പ്രഖ്യാപി​ച്ചത് 2016ൽ

1. മൊബിലിറ്റി ഹബ്ബിനായുള്ള സാങ്കേതിക സമിതി രൂപീകരിക്കുന്നതിലെ പ്രതിസന്ധി മറികടന്നിട്ടുണ്ട്

2. ഇനി സമിതി റിപ്പോർട്ട് പൂർത്തിയാക്കിയാൽ മാത്രമേ നിർമ്മാണ പ്രവൃത്തിയിലേക്ക് കടക്കാനാകൂ

3. പദ്ധതി വൈകുംതോറും ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിടം കൂടുതൽ ശോചനീയമാകും

4. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് പ്രധാന ഓഫീസിന്റെ പ്രവർത്തനം സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു

5. അമ്പത് വർഷത്തിലധികം പഴക്കമുള്ള കെട്ടിത്തിൽ ചോർച്ചയും കോൺക്രീറ്റ് കഷ്ണങ്ങൾ ഇടിഞ്ഞുവീഴുന്നതും പതിവാണ്

മൊബി​ലി​റ്റി​ ഹബ്ബി​ൽ

 മൾട്ടിപ്ലക്സ് കോംപ്ലക്സ്

 പെട്രോൾ,ഡീസൽ പമ്പ്

 താമസസൗകര്യമുള്ള ഹോട്ടൽ

 സൂപ്പർ മാർക്കറ്റ്

 മൾട്ടിലെവൽ കാർ പാർക്കിംഗ്

 ബോട്ട് ടെർമിനൽ

 ഡോക്ക് യാർഡ്

 ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ്

 ജലഗതാഗതവകുപ്പ് ഓഫീസ്

 ബസ് ബേ

 ഗാരേജ്

മൊബിലിറ്റി ഹബ്ബ് പദ്ധതി തുക

493.06 കോടി