ഭാര്യാ മാതാവിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday 21 October 2025 12:19 AM IST

വെള്ളറട: ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആരുവമൊഴി കൃപാഭവനിൽ അശോക് (35)​ ആണ് അറസ്റ്റിലായത്. ഭാര്യാ മാതാവ് ആനപ്പാറ റോഡരിക്കത്ത് വീട്ടിൽ ശാന്തകുമാരി (42)​യെ പണമാവശ്യപ്പെട്ട് ഇയാൾ മർദ്ദിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറുകയും ചെയ്തു. മർദ്ദനത്തിൽ ശാന്തകുമാരിക്ക് കൈവിരലിനും നെഞ്ചിലും പരിക്കേറ്റു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നിരവധി തവണ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. വെള്ളറട എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടാൻ എത്തിയപ്പോൾ മറ്റ് ഏതാനുംപേരുമായി ചേർന്ന് ഇയാൾ പൊലീസിനുനേരെ തിരിഞ്ഞു. തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുനൽവേലി ജില്ലയിലെ പണകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അശോക്. ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.