ചേട്ടന്റെ ഭാര്യ യുവാവിന്റെ ലിംഗം മുറിച്ചെടുത്തു; 20കാരനോടുള്ള പകയ്ക്ക് പിന്നില്‍

Monday 20 October 2025 10:37 PM IST

വീട്ടിനുള്ളില്‍ കിടപ്പ്മുറിയില്‍വച്ച് ആക്രമണത്തിന് ഇരയാകുകയും സ്വകാര്യ ഭാഗം മുറിച്ച് മാറ്റപ്പെടുകയും ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. യുവാവിനെ ആക്രമിച്ചതും കൊടും ക്രൂരത ചെയ്തതും സ്വന്തം സഹോദരന്റെ ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പരാതി നല്‍കുമ്പോള്‍ യുവാവ് പോലും ആരാണ് തന്നെ ആക്രമിച്ചത് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഈ മാസം 16ന് ആണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ മല്‍ഖാന്‍പൂരില്‍ സംഭവം ഉണ്ടായത്.

രാം അസാരെയുടെ 20 വയസ്സുള്ള മകന്‍ ഉന്‍മേഷ് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലവിളി കേട്ടുണര്‍ന്ന കുടുംബാംഗങ്ങള്‍ ഓടിയെത്തിയപ്പോള്‍, കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെയും സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലും വേദനകൊണ്ട് പുളയുന്ന ഉമേഷിനെയാണ് കണ്ടത്. ഉന്മേഷിന്റെ സഹോദരന്‍ ഉദയ്‌യുടെ ഭാര്യ മഞ്ജുവാണ് ക്രൂര കൃത്യം ചെയ്തത്.

ഉദയ് മഞ്ജുവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ഉന്മേഷ് മഞ്ജുവിന്റെ സഹോദരിയുമായി അടുപ്പം സ്ഥാപിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും പരസ്പരം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ അംഗീകരിച്ചില്ല. ഒരേ കുടുംബത്തില്‍ നിന്നുള്ള വിവാഹം തങ്ങളുടെ ആചാരത്തിന് എതിരാണെന്നാണ് ഇതിന് കാരണമായി അസാരെ കുടുംബം പറഞ്ഞത്. ഇതോടെ ഉന്മേഷ് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

വൈകാതെ ഇയാള്‍ മറ്റൊരു യുവതിയുമായി അടുക്കുകയും അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തില്‍ മഞ്ജുവിന്റെ സഹോദരി കടുത്ത മനോവിഷമത്തിലാകുകയും അവര്‍ക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്തു. സ്വന്തം സഹോദരിയുടെ അവസ്ഥ കണ്ട മഞ്ജുവിന് ഭര്‍ത്താവിന്റെ അനിയനോട് പക തോന്നുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. വീട്ടില്‍ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.