യാത്രക്കാരന്റെ പേഴ്‌സും രേഖകളും കവർന്ന രണ്ടു പേർ പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരന്റെ പണവും രേഖകളും കവർന്ന രണ്ടു പേർ പിടിയിൽ. കോട്ടയം കുറ്റവിലങ്ങാട് സ്വദേശിയായ കളരിക്കൽ വീട്ടിൽ ജയൻ (50), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ പുത്തൻവീട്ടിൽ കുഞ്ഞുമോൻ (52) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ 18 നാണു കേസിനാസ്പദമായ സംഭവം. യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റിലെ പേഴ്‌സാണ് മോഷ്ടിച്ചത്. പേഴ്‌സിൽ രേഖകളും വിദേശ കറൻസിയും 3000 രൂപയുമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രതികൾക്ക് മൂവാറ്റുപുഴ, കുറുവിലങ്ങാട്,തൃശൂർ ഈസ്റ്റ്, തിരുവല്ല, നടക്കാവ്, പെരിന്തൽമണ്ണ, തൃശൂർ റെയിൽവേ പൊലീസ് എന്നിവിടങ്ങലിലായി പന്ത്രണ്ടോളം കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ജിജോ.എം ജെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ബിബിൻ ബി.നായർ, ജിജേഷ്, ഹരീന്ദ്രൻ എം, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബെന്നി, ജോസഫ്, സിവിൽ പൊലീസ് ഓഫീസർ (ക്യാമറ കൺട്രോൾ) സാംസൺ എന്നിവരാണ് ഉണ്ടായിരുന്നത്.