വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി: മോദി
#ദീപാവലിയാഘോഷം പടക്കപ്പലിൽ
ന്യൂഡൽഹി:ഓപ്പറേഷൻ സിന്ദൂറിൽ മൂന്ന് സേനാ വിഭാഗങ്ങളും അസാധാരണ ഏകോപനം കാഴ്ചവച്ചുവെന്നും, അതിനാലാണ് പാകിസ്ഥാൻ പരാജയം രുചിച്ചതെന്നും പ്രധാനമന്ത്രി മോദി. ഐ.എൻ.എസ് വിക്രാന്ത് എന്ന പേരുകേൾക്കുമ്പോൾ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടും.
വിക്രാന്തിൽ നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു പ്രധാനമന്ത്രി. യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന മിഗ് 29കെ ഫൈറ്റർ വിമാനങ്ങളുടെ ശക്തിപ്രകടനം വീക്ഷിച്ചു. ടേക്ക് ഓഫും ലാൻഡിംഗും കണ്ടു. നാവിക വേഷത്തിലായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രതിഫലിപ്പിക്കുന്ന പടക്കപ്പൽ, 'ആത്മനിർഭർ ഭാരതിന്റെയും' 'മെയ്ഡ് ഇൻ ഇന്ത്യ'യുടെയും ശക്തമായ പ്രതീകമാണ്. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി രാജ്യമായി മാറ്റുകയെന്നതാണ് ലക്ഷ്യം. ബ്രഹ്മോസ് - ആകാശ് മിസൈലുകൾ കഴിവു തെളിയിച്ചുവെന്നും മോദി പറഞ്ഞു.
വിക്രാന്തിൽ സൂര്യോദയം കണ്ടു
തദ്ദേശീയമായി നിർമ്മിച്ച കൂറ്റൻ പടക്കപ്പലിൽ ഞായറാഴ്ച രാത്രി ചെലവഴിച്ച മോദി, ഇന്നലെ രാവിലെ ഡെക്കിൽ നിന്ന് സൂര്യോദയവും ആസ്വദിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് പ്രധാനമന്ത്രി ഗോവൻ - കാർവാർ തീരത്ത് നങ്കൂരമിട്ടിരുന്ന വിക്രാന്തിൽ പ്രവേശിച്ചത്. ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് സൈനികർ 'കസം സിന്ദൂർ കി' ഗാനം ആലപിച്ചു. ദേശഭക്തി വിളംബരം ചെയ്യുന്ന കലാപരിപാടികൾ വീക്ഷിച്ച മോദി, അത്താഴസമയത്ത് സൈനികർക്കൊപ്പം സേനാ പാരമ്പര്യത്തിലെ അനിവാര്യ ഭാഗമായ 'ബഡാ ഖാന'യിലും പങ്കെടുത്തു. ഇന്നലെ രാവിലെ പടക്കപ്പലിൽ സൈനികർക്കൊപ്പം യോഗ ചെയ്‌തു. അവർക്ക് മധുരപലഹാരം നൽകി.
പടക്കപ്പലുകളുടെ സ്റ്റീംപാസ്റ്റിനെ മോദി അഭിവാദ്യം ചെയ്‌തു. ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് സൂരത്, ഐ.എൻ.എസ് ചെന്നൈ എന്നീ യുദ്ധക്കപ്പലുകൾ അണിനിരന്നു. മിഗ് 29-കെയ്‌ക്കു പുറമെ ഡോണിയർ, പി- 81, ഹെലിക്കോപ്റ്ററുകളായ കാമോവ്- 31, സീ കിംഗ്, എം.എച്ച് 60 ആർ, ചേതക് തുടങ്ങിയവ ഫ്ലൈ പാസ്റ്റ് നടത്തി.