സ്ഥലംമാറ്റം കണ്ണിൽ പൊടിയിടാൻ: കോൺഗ്രസ്
കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം യു.ഡി.എഫിന്റെ കണ്ണിൽ പൊടിയിടാനാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ. സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. ഷാഫിയെ ആക്രമിച്ച സംഭവവുമായി ബന്ധമില്ല. അതിക്രമം നടത്തിയ ഉദ്യോഗസ്ഥനും അതിന് നേതൃത്വം നൽകിയ രണ്ട് ഡിവെെ.എസ്.പിമാർക്കുമെതിരെ അഞ്ചുദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന് ഐ.ജി രാജ്പാൽ മീണ പറഞ്ഞിട്ടുണ്ട്. അല്ലാത്തപക്ഷം ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഡിവെെ.എസ്.പി എൻ. സുനിൽ കുമാറിനെ ക്രൈംബ്രാഞ്ച് (കോഴിക്കോട് സിറ്റി) എ.സി.പിയായും വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ എ.സി.പിയായുമാണ് മാറ്റിയത്. സംഭവമുണ്ടായി 10 ദിവസത്തിനു ശേഷമാണ് സ്ഥലംമാറ്റം.