ഒരു രാത്രി കാട്ടിനുള്ളിൽ തങ്ങാം വശ്യസുന്ദരിയായി അരിപ്പ

Tuesday 21 October 2025 1:31 AM IST

അരിപ്പ ഇക്കോ ടൂറിസം പാക്കേജ്

പാലോട്: കാടിന്റെ വശ്യതയും ഭംഗിയും ആസ്വദിച്ച്,​ അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയായ അരിപ്പയിൽ ഇനി ഒരു രാത്രി തങ്ങാം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അരിപ്പ ഇക്കോ ടൂറിസം പാക്കേജാണ്,​ കൊല്ലം കുളത്തൂപ്പുഴ വനം റെയ്ഞ്ചിൽപ്പെട്ട അരിപ്പ മേഖലയിൽ നടപ്പിലാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2ന് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് അവസാനിക്കുന്ന പാക്കേജാണിത്.

കാടിന് നടുവിലെ ജ്യോതിസ്മതി ബംഗ്ലാവ്,ശംഖിലി മാൻഷൻ എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.വേലികെട്ടി സുരക്ഷിതമാക്കിയ ഈ ബംഗ്ലാവുകൾക്ക് ചുറ്റും ആനയും കേഴയും കാട്ടുപോത്തുമൊക്കെ എത്താറുണ്ട്.പാക്കേജിലൂടെ നിരവധി ടൂറിസ്റ്റുകൾ ഇവിടെ സന്ദർശിച്ചു.

ഗവേഷകർ പറയുന്നു

ഏഷ്യയിലെ ഏറ്റവും വലിയ കണ്ടൽ ചതുപ്പ് പ്രദേശമായ അരിപ്പ ഇന്നും സർക്കാർ രേഖകളിൽ പക്ഷി സങ്കേതമല്ല. പ്രശസ്തമായ തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്തതരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയത്.എന്നാൽ മിക്ക ഇനത്തിന്റെയും എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതായും ഇതിന് പരിഹാരമായി സർക്കാർ അരിപ്പയെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ച് സംരക്ഷണമൊരുക്കണമെന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

1) ക്യാമ്പ് ഫയർ

2) അത്താഴം

3) പുലർച്ചെ ട്രക്കിംഗ്

4) ഉച്ചയൂണ്

ട്രക്കിംഗ് - ഉൾക്കാട്ടിലൂടെ നടന്ന് വൈഡൂര്യക്കുന്നും വനജാതി ചതുപ്പും കണ്ട്,പോട്ടോമാവ് ആദിവാസി ഊരിലെത്താം.തദ്ദേശീയരായ ആദിവാസി വിഭാഗങ്ങളുടെ പാരമ്പര്യകലകളടക്കം ഉൾപ്പെടുത്തിയാണ് പുതിയ പാക്കേജ്. ഊരിലുള്ളവർക്ക് ഇതുവഴി വരുമാനം ലഭിക്കും.

ഭക്ഷണം ഉൾപ്പെടുത്തിയും ഇല്ലാതെയുമുള്ള പാക്കേജുകളും ലഭ്യമാണ്.

പ്രതീക്ഷ

പാക്കേജ് വിപുലീകരിക്കുന്നതിലൂടെ പരിസ്ഥിതിപ്രേമികളെയും ഗവേഷകരെയും ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾത്തന്നെ അറുപതിലേറെ വിദേശ രാജ്യങ്ങളിൽനിന്നുള്ളവർ അരിപ്പ സന്ദർശിച്ചിട്ടുണ്ട്.

കാണാം

ഇന്ത്യയിൽത്തന്നെ ശുദ്ധജല ചതുപ്പുനിലങ്ങളിലെ ആവാസവ്യവസ്ഥ(ജാതിവന ചതുപ്പ്-മിറിസ്റ്റിക്ക സ്വാമ്പ്) കാണാൻ കഴിയുന്ന ഏക പ്രദേശമാണിത്. മറ്റിടങ്ങളിൽ കൊടുംകാടിന് നടുവിലാണ് സാധാരണ ഇത്തരം ചതുപ്പുകൾ.

ജാതിവന ചതുപ്പുകൾ

പദ്ധതിയുടെ ഭാഗമായി സഞ്ചാരികളെ ജാതിവന ചതുപ്പുകൾ പരിചയപ്പെടുത്തും.1960കളിലാണ് കൊല്ലം ജില്ലയിലെ ശെന്തുരുണി - കുളത്തൂപ്പുഴ വനമേഖലയിൽ ആദ്യമായി ജാതിവന ചതുപ്പ് കണ്ടെത്തിയത്. കാട്ടുജാതി മരത്തിന്റെ കുടുംബത്തിലെ സസ്യങ്ങളാണിവ. ഭൂമിക്ക് മുകളിലേക്ക് ഉയർന്നുനിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇതിന്റെ പ്രത്യേകത.

വിവരങ്ങൾക്ക്: www.kfdcecotourism.com