ജെ.സി.ഡാനിയേൽ ഓപ്പൺ തിയേറ്റർ ഉദ്ഘാടനം നാളെ

Tuesday 21 October 2025 5:41 AM IST

സിനിമാ പ്രദർശനത്തിനും സൗകര്യം

നെയ്യാറ്റിൻകര: മലയാള സിനിമാ പിതാവായ ജെ.സി.ഡാനിയേലിന്റെ ഓർമ്മയ്ക്കായി നഗരസഭാ സ്റ്റേഡിയത്തിൽ പൂർത്തിയാക്കിയ ഓപ്പൺ തിയേറ്റർ നാളെ വൈകിട്ട് 5.30ന് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിക്കും.55 ലക്ഷം രൂപാ ചെലവിൽ സിനിമാപ്രദർശനത്തിനും സാംസ്കാരിക പരിപാടികൾക്കും അനുയോജ്യമായ രീതിയിലാണ് വേദി നിർമ്മിച്ചിരിക്കുന്നത്.ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കാൻ സാംസ്കാരിക വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു.ബാക്കിയുള്ള തുക നഗരസഭയുടെ തനതുഫണ്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.പടിക്കെട്ടുകളുടെ മാതൃകയിലുള്ള ഇരിപ്പിടങ്ങളിൽ 200 പേർക്ക് ഒരേസമയം പരിപാടികൾ ആസ്വദിക്കാം. ജെ.സി.ഡാനിയേലിന്റെയും വിഗതകുമാരൻ കാലഘട്ടത്തിന്റെയും ഓർമ്മകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഫലകങ്ങളും പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും “നെയ്യാർ വരമൊഴി”യുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

പഴയ ഫിലിം മാതൃക

ചലച്ചിത്ര പ്രദർശനത്തിനായി 24 ലക്ഷം രൂപ ചെലവിൽ ആധുനിക പ്രോജക്ടറും ശബ്ദസംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.പഴയ ഫിലിമിന്റെ മാതൃകയിൽ നിർമ്മിച്ച ചുവരാണ് സ്ക്രീനിനുപകരം സിനിമാ പ്രദർശനത്തിന് നിർമ്മിച്ചിരിക്കുന്നത്.

പാർക്കും പ്രതിമയും

ജെ.സി.ഡാനിയേൽ മുൻകാലങ്ങളിൽ നെയ്യാറ്റിൻകരയിൽ താമസിച്ച് ഗ്രാമത്തിനടുത്ത് ക്ലിനിക്ക് നടത്തിയിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നഗരസഭാ സ്റ്റേഡിയത്തോട് ചേർന്ന് 5ലക്ഷം രൂപ ചെലവിട്ട് പാർക്കും നിർമ്മിച്ചിരുന്നു.പാർക്കിൽ സ്ഥാപിക്കാനുള്ള പ്രതിമ ജെ.സി.ഡാനിയേൽ നാഷണൽ ഫൗണ്ടേഷനാണ് നൽകിയത്.

മലയാള സിനിമാചരിത്രത്തെ നാടിന് പകർന്ന് നൽകാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ പൂർത്തിയായിട്ടുണ്ട്.

നഗരസഭാ ചെയർമാൻ

പി.കെ.രാജമോഹനൻ