നേമം റെയിൽവേ വികസനം പൊതുവഴിയിൽ സഞ്ചരിക്കാനാകാതെ നാട്ടുകാർ പ്രതിഷേധത്തിൽ
പകരം റോഡ് നിർമ്മിച്ചില്ലെന്ന്
നേമം: റെയിൽവേ വികസനത്തിന്റെ പേരിൽ 'നേമം വട്ടവിള സുരേഷ് റോഡ് ' റെയിൽവേ ഏറ്റെടുത്തതിനു പിന്നാലെ ജനങ്ങൾക്ക് തീരാദുരിതം. നിലവിലെ ചെറിയപാത നവീകരിക്കാനോ പുതിയ റോഡ് പണിയാനോ തയ്യാറാകെ അധികൃതർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതായാണ് ആക്ഷേപം. 75 വർഷം പഴക്കമുള്ള പൊതുവഴിയാണ് ഒരുവർഷത്തിൽ ഏറെയായി റെയിൽവേ കെട്ടിയടച്ചത്.1971 ലും 2021ലുമാണ് സ്ഥലം സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയത്. ഒന്നരക്കോടി രൂപ സംസ്ഥാന സർക്കാർ റെയിൽവേയിൽ നിന്ന് വാങ്ങിയാണ് 2021ൽ കൈമാറിയത്.പകരം റോഡ് നിർമ്മിച്ച് നൽകുമെന്ന് റവന്യൂ വകുപ്പും,റെയിൽവേയും ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. റെയിൽവേയ്ക്ക് കൈമാറിയതിനാൽ നവീകരണവും നടത്തുന്നില്ല.
പൊതുവഴി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരണം ഉൾപ്പെടെ നടത്തുമെന്ന് നാട്ടുകാർ പറയുന്നു.റോഡ് നന്നാക്കണം എന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും,സ്ഥലം എം.എൽ.എ മന്ത്രി വി.ശിവൻകുട്ടിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്.അനിൽകുമാർ കേരള കൗമുദിയോട് പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി റെയിൽവേയെ ചുമതലപ്പെടുത്തിയെങ്കിലും,അതിനും പരിഹാരമുണ്ടായില്ല.റെയിൽവേ എപ്പോൾ വേണമെങ്കിലും റോഡ് പൂർണമായി കെട്ടിയടയ്ക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കഷ്ടിച്ച് ഒരു ചെറിയ വാഹനത്തിന് സഞ്ചരിക്കാനുള്ള വീതിമാത്രമാണ് ഇപ്പോഴുള്ളത്. 200 ഓളം വീടുകളിലേക്കുള്ള വഴിയാണിത്. നേമത്തു നിന്ന് മലയിൻകീഴ്,കാട്ടാക്കട,വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിൽ ഇതുവഴി എളുപ്പത്തിൽ പോകാനാകും.