ചിരാഗിന്റെ നേട്ടം പശുപതിയുടെ നഷ്ടം

Tuesday 21 October 2025 12:46 AM IST

രാഷ്‌ട്രീയത്തിൽ പാരമ്പര്യം നിർണായകമാണെങ്കിലും ഒന്നിലധികം അവകാശികളുണ്ടായാൽ കഴിവും അർഹതയും മാനദണ്ഡമാകുക സ്വാഭാവികം. അന്തരിച്ച രാംവിലാസ് പാസ്വാന്റെ പാരമ്പര്യവുമായി ബീഹാർ രാഷ്‌ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച സഹോദരൻ പശുപതി കുമാർ പരസിന്റെ പദ്ധതികൾ പൊളിഞ്ഞതും അങ്ങനെ. പിതാവിന്റെ പാരമ്പര്യം വിട്ടുകൊടുക്കാൻ മകൻ ചിരാഗ് പാസ്വാൻ തയ്യാറായില്ല.

പാസ്വാന്റെ മരണ ശേഷം 2021ൽ മകൻ ചിരാഗ് പുറത്താക്കി ലോക്‌ജൻ ശക്തി പാർട്ടി പിടിച്ചെടുത്ത പശുപതിയുടെ ആദ്യഘട്ട പ്ളാനുകൾ ശരിയായ ദിശയിൽ നീങ്ങി. പാസ്വാന്റെ പതിവ് മണ്ഡലമായ ഹാജിപ്പൂരിൽ നിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയ അദ്ദേഹത്തിന് ഒന്നാം മോദി മന്ത്രിസഭയിൽ ഭക്ഷ്യ സംസ്‌കരണ വകുപ്പും ലഭിച്ചു. അമ്മാവന്റെ നേതൃത്വത്തിലുള്ള വിമത നീക്കത്തിൽ തളരാതെ ഒറ്റയ്‌ക്ക് പൊരുതിയ ചിരാഗ് 2020 നിയമസഭാ തിരഞ്ഞെടുപ്പിൽ 30 ഓളം സീറ്റുകളിൽ ജെ.ഡി.യുവിന് പ്രഹരമേൽപ്പിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പാസ്വാന്റെ പാരമ്പര്യവും വോട്ടു ബാങ്കും ചിരാഗിനൊപ്പമാണെന്ന് മനസിലാക്കിയ ബി.ജെ.പി 2023ൽ അദ്ദേഹത്തെ എൻ.ഡി.എയിലെടുത്തു. 2024ലെ തിരഞ്ഞെടുപ്പിൽ പശുപതിയ്ക്ക് സീറ്റുകളാെന്നും ലഭിച്ചില്ല. സിറ്റിംഗ് എം.പിയായ പശുപതിയെ മാറ്റി ഹാജിപ്പൂർ സീറ്റ് ചിരാഗിന് നൽകി. പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസ്ഥാനം വിട്ടെറിഞ്ഞ് പുറത്തുപോയ പരസിനും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ലോക് ജൻശക്തി പാർട്ടിക്കും (ആർ.എൽ.ജെ.പി) പിന്നീടിങ്ങോട്ട് ട്രാക്ക് തെറ്റി.

2024 ലോക്‌ഭസാ തിരഞ്ഞെടുപ്പിൽ ജയിച്ച ചിരാഗിന് നേരത്തെ പരസ് കൈകാര്യം ചെയ്‌ത ഭക്ഷ്യ സംസ്‌കരണ വകുപ്പും ലഭിച്ചു. 2020ലെ ഒറ്റയാൾ പ്രകടനത്തിന്റെ ബലത്തിൽ എൻ.ഡി.എ ബാനറിൽ 29 സീറ്റുകളും അദ്ദേഹം നേടിയെടുത്തു. പാസ്വാന്റെ പാരമ്പര്യം ഉയർത്തി ബീഹാറിലെ ഭാവി മുഖ്യമന്ത്രിയാകാനുള്ള നീക്കവും തുടങ്ങി. അതേസമയം,പശുപതി ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാമുന്നണിയുടെ വാതിലിൽ മുട്ടിയിരുന്നു. സീറ്റ് തർക്കത്തിന്റെ ബഹളത്തിൽ പശുപതിയെ അവർ പരിഗണിച്ചുമില്ല. ഒടുവിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിച്ച് 33 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ദളിത് വോട്ടർമാർ തുണയ്‌ക്കുമെന്ന പ്രതീക്ഷയിൽ ജനറൽ സീറ്റുകളിൽ അടക്കം എട്ട് പട്ടിക ജാതിക്കാരുണ്ട്. ബീഹാറിന്റെ സാമൂഹിക ഘടന തങ്ങൾക്ക് അനുകൂലമാണെന്ന് പശുപതി അവകാശപ്പെടുന്നു.