വീട് കയറി അതിക്രമം : സ്റ്റേഷൻ റൗഡി അറസ്റ്റിൽ

Tuesday 21 October 2025 12:51 AM IST

കാട്ടൂർ : വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെയും പതിനേഴുകാരനായ മകനെയും ആക്രമിച്ച സ്റ്റേഷൻ റൗഡി ഡ്യൂക്ക് പ്രവീണിനെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന സ്റ്റേഷൻ റൗഡി പൊറത്തിശ്ശേരി മുതിര പറമ്പിൽ വീട് പ്രവീണിനെയാണ് (28) റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. 17ന് വൈകുന്നേരം മണവലശ്ശേരി താണിശ്ശേരി ദേശത്ത് രാജീവ് ഗാന്ധി ഉന്നതിയിൽ കറുപ്പംവീട്ടിൽ നാസറിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയായിരുന്നു അതിക്രമം. പ്രവീൺ ഇരിങ്ങാലക്കുട, കാട്ടൂർ, മാള, കൊരട്ടി, വലപ്പാട്, കണ്ണൂർ ടൗൺ, വിയ്യൂർ പൊലീസ് സ്റ്റേഷനിലായി നാല് വധശ്രമക്കേസിലും മൂന്ന് അടിപിടി കേസിലും ഒരു കഞ്ചാവ് കേസിലും ഒരു കവർച്ചാകേസിലും അടക്കം 15 ക്രിമിനൽ കേസിലെ പ്രതിയാണ്. 2021 ലും 2023 ലും കാപ്പ നിയമപ്രകാരം തടവ് അനുഭവിച്ചിട്ടുണ്ട്. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷ് , സബ് ഇൻസ്‌പെക്ടർമാരായ ബാബു ജോർജ്, സബീഷ്, തുളസീദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.