143 പേരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിച്ച് ആർ.ജെ.ഡി

Tuesday 21 October 2025 12:54 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) 143 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ഔദ്യോഗിക പട്ടിക പ്രഖ്യാപിച്ചു. മഹാമുന്നണിയിലെ സീറ്റ് ചർച്ചകൾ നീണ്ടപ്പോൾ ഇവരിൽ പലർക്കും പാർട്ടി നേരത്തെ ടിക്കറ്റ് നൽകിയിരുന്നു.

നിലവിലെ മഹാമുന്നണിയുടെ സ്ഥാനാർത്ഥികൾ: ആർ.ജെ.ഡി:143,കോൺഗ്രസ്: 61,സി.പി.ഐ (എം.എൽ) 20,സി.പി.ഐ: 6,സി.പി.എം:4, വി.ഐ.പി:15. പ്രഖ്യാപിച്ച സീറ്റുകളിൽ പലയിടത്തും കോൺഗ്രസ് അടക്കം മഹാമുന്നണി കക്ഷികൾ പത്രിക നൽകിയിട്ടുണ്ട്.

രാഘോവ്‌പൂരിൽ

തേജസ്വി

ആർ.ജെ.ഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് രാഘോപൂരിൽ നിന്ന് വീണ്ടും മത്സരിക്കും. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സഹോദരൻ തേജ് പ്രതാപ് യാദവിന്റെ ജനശക്തി ജനതാദളിനെതിരെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. തേജ് പ്രതാപ് മത്സരിക്കുന്ന ആർ.ജെ.ഡിയുടെ ശക്തികേന്ദ്രമായ മഹുവയിൽ മുകേഷ് റൗഷാനാണ് സ്ഥാനാർത്ഥി.

വൈശാലി,വാരിസാലിഗഞ്ച്,ലാൽഗഞ്ച്,കഹൽഗാവ്,നർക്കതിയാഗഞ്ച്,കഹൽഗാവ്,സിക്കന്ദ്ര മണ്ഡലങ്ങളിൽ ആർ.ജെ.ഡിയും കോൺഗ്രസും നേർക്കു നേർ വരും. ബച്വാര,രാജപാക്കർ,റൊസേര,ബിഹാർഷരീഫ് എന്നിവിടങ്ങളിൽ മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ സി.പി.ഐയ്‌ക്കെതിരെയാണ്.

ആർ.ജെ.ഡി പരമ്പരാഗത വോട്ടു ബാങ്കായ മുസ്ലിം-യാദവ് വിഭാഗങ്ങൾക്ക് 50ലധികം ടിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്. 23 വനിതാ സ്‌ഥാനാർത്ഥികളുണ്ട്. സിവാനിലെ രഘുനാഥ്പൂരിൽ അന്തരിച്ച വിവാദ നേതാവും മുൻ ആർ.ജെ.ഡി എംപിയുമായ മുഹമ്മദ് ഷഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഒസാമയ്‌ക്ക് സീറ്റ് നൽകി.