വെള്ളത്തിൽ മുങ്ങി ഇളവട്ടം
പാലോട്: കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ ഇളവട്ടം മുതൽ കുറുപുഴ വരെ വെള്ളത്തിൽ മുങ്ങി.തോടും റോഡും തിരിച്ചറിയാനാകാത്തവിധം വെള്ളം കയറിയതിനാൽ വാഹനങ്ങൾ വെമ്പ് റോഡുവഴിയാണ് കടത്തിവിട്ടത്. കോടികൾ മുടക്കി നിർമ്മാണം നടത്തിയ തെങ്കാശി പാതയിൽ ചെറിയ മഴ പെയ്താൽ പോലും കുറുപുഴ മുതൽ കരിമൺകോട് വരെ വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.നന്ദിയോട്,പ്ലാവറ,കുശവൂർ,ആറ്റുകടവ് ജംഗ്ഷനുകൾ മഴ തുടങ്ങിയതു മുതൽ വെള്ളക്കെട്ടിലാണ്. മഴ തുടർന്നാൽ വെള്ളപൊക്കവും മണ്ണിടിച്ചിലും വ്യാപകമാകാനുള്ള സാദ്ധ്യതയുണ്ട്.
അധികാരികളുടെ അനാസ്ഥ
അധികാരികളുടെ മൗനാനുവാദത്തോടെ സ്വകാര്യ വ്യകതികളും സ്ഥാപനങ്ങളും ഓട കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം.കോടികൾ ചെലവിട്ട് റോഡുകൾ വികസിപ്പിച്ചെങ്കില്ലും അശാസ്ത്രീയമായ ഓട നിർമ്മാണമാണ് അടിക്കടി ഉണ്ടാകുന്ന വെള്ളക്കെട്ടിന് പ്രധാന കാരണം.അടിയന്തര നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.