ഭാര്യയെ കൊലപ്പെടുത്തി കുഴൽക്കിണറ്റിലിട്ട് മൂടി, യുവാവ് അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വീട്ടുവഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് കുഴൽ കിണറ്റിലിട്ട ഭർത്താവ് അറസ്റ്റിൽ. അലഗാട്ട സ്വദേശി വിജയും മാതാപിതാക്കളുമാണ് പിടിയിലായത്. കൊലപാതകത്തിനുശേഷം പിടിക്കപ്പെടാതിരിക്കാൻ ഭാര്യ ഭാരതിയെ (28) കാണാനില്ലെന്ന പരാതിയും വിജയ് നൽകി. തുടർന്ന് കടൂർ പൊലീസ് നടത്തിയ അന്വേഷണിലാണ് ഇയാൾ തന്നെയാണ് ഭാര്യ കൊന്നതെന്ന വിവരം പുറത്ത് വന്നത്. അതിനിടെ വിജയ് ഭാര്യയുടെ ആത്മാവിനെ തളച്ചെന്ന് വരുത്തി മൃഗങ്ങളെയും ബലി നൽകുകയും ചെയ്തു.
കൃഷി സ്ഥലത്തെ കുഴൽ കിണറിനകത്ത് 12 അടി ആഴത്തിൽ കുഴിച്ചുമൂടിയ ഭാരതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു. സംഭവം മറച്ചുവയ്ക്കാൻ കൂട്ടുനിന്നു എന്നാരോപിച്ച് വിജയ്‌യുടെ അച്ഛൻ ഗോവിന്ദപ്പയെയും അമ്മ തായമ്മയെയും പൊലീസ് കസ്റ്റഡിയിലെത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് ശേഷം അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് ഇയാൾ ചെയ്ത അതിക്രമം പൊലീസ് കണ്ടെത്തിയത്. ഭാര്യയുടെ ആത്മാവ് പ്രേത രൂപത്തിൽ വന്നാലേ താൻ പിടിക്കപ്പെടുവെന്ന് വിശ്വസിച്ച വിജയ്, ഭാരതിയുടെ പേര് ചെമ്പ് തകിടിയിൽ രേഖപ്പെടുത്തി,പ്രദേശത്തുകാർ ദൈവ സാന്നിദ്ധ്യം കൽപിച്ച് കരുതി ആരാധിക്കുന്ന മരത്തിൽ തറച്ച് കയറ്റി. വീട്ടിനകത്ത് ഭാര്യയുടെ ഫോട്ടോ സ്ഥാപിച്ചശേഷം ഫോട്ടോയിലെ കണ്ണിന്റെ ഭാഗത്ത് ഒരു ആണിയും ഇയാൾ അടിച്ചു കയറ്റിയിരുന്നു. പിടിക്കപ്പെടില്ലെന്ന് ഒന്നു കൂടി ഉറപ്പാക്കാൻ മൂന്ന് മൃഗങ്ങളെയും വിജയ് ബലി നൽകി. പൊലീസെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്നവർ പോലും വിവരം അറിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ വിജയ് നിലവിൽ റിമാൻഡിലാണ്.