ജീവൻ വച്ച് ഔട്ടർറിംഗ് റോഡ്; വരുന്നത് ₹34,000 കോടിയുടെ വികസനം

Tuesday 21 October 2025 1:02 AM IST

തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് (എൻ.എച്ച് 866) വീണ്ടും ജീവൻവച്ചു. ഇതോടെ റോഡിന് ഇരുവശത്തുമായി വിഭാവനം ചെയ്തിരിക്കുന്ന, 34000 കോടിയുടെ വികസനപദ്ധതികളും നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ്,നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ഔട്ടർറിംഗ് റോഡ് ഉടൻ നിർമ്മിച്ചു തുടങ്ങാനാകുമെന്ന ധാരണയായത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖ വികസനം വേഗത്തിലാകും. റിംഗ് റോഡിന്റെ തുടർച്ചയായി കടമ്പാട്ടുകോണത്തുനിന്ന് ആരംഭിക്കുന്ന കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത നിർമ്മിക്കുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാകും.നിർമ്മാണം തുടങ്ങിക്കഴിഞ്ഞാൽ മൂന്നു വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങിയ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ തീരുമാനിച്ചതോടെയാണ് പാതിവഴിയിലായത്. ഔട്ടർറിംഗ് റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്നാവശ്യവുമായി ദേശീയപാത അതോറിട്ടിയും,അത് അപ്രായോഗികമാണെന്ന നിഗമനത്തിൽ സംസ്ഥാന സർക്കാരും എത്തിയതോടെയാണ് പദ്ധതി തുലാസിലായത്. തുടർന്ന് മുഖ്യമന്ത്രി - കേന്ദ്രമന്ത്രി ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായി.

വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള ഇടനാഴിയായി മാറുന്ന റിംഗ് റോഡ്

ആകെ ചെലവ്(പ്രതീക്ഷിക്കുന്നത്)- 7900 കോടി രൂപ

62.7 കലോമീറ്ററിൽ നാലുവരിയായിട്ടാണ് റോഡ് നിർമ്മിക്കുക

റോഡിനായി 314 ഹെക്ടർ ഭൂമിയേറ്റെടുക്കണം

24 താലൂക്കുകളിലായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ഇനി പുനരാരംഭിക്കണം

 8 സാമ്പത്തിക മേഖലകളിലായി ജില്ലയുടെ വികസനം

പദ്ധതി യാഥാർത്ഥ്യമായാൽ 8 പുതിയ സാമ്പത്തിക മേഖല ജില്ലയിലുണ്ടാകും. വിഴിഞ്ഞം,കോവളം,കാട്ടാക്കട,നെടുമങ്ങാട്,വെമ്പായം,മംഗലപുരം,കിളിമാനൂർ,കല്ലമ്പലം എന്നിങ്ങനെയാണ് 8 സാമ്പത്തിക മേഖലകൾ.

1 വിഴിഞ്ഞം (6.3 ചതുരശ്ര കിലോമീറ്റർ) – ലോജിസ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള വ്യവസായ ടൗൺഷിപ്പ്

2 കോവളം (4.01 ചതുരശ്ര കിലോമീറ്റർ) – ആരോഗ്യ ടൂറിസം ഹബ് 3 കാട്ടാക്കട (7.37 ച.കി.മീ) – ഗ്രീൻ ആൻഡ് സ്മാർട്ട് വ്യവസായ ക്ലസ്റ്റർ 4 നെടുമങ്ങാട് (5.58 ച.കി.മീ) – പ്രാദേശിക വ്യാപാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹബ് 5വെമ്പായം (7.47 ച.കി.മീ) – മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും സംസ്‌കരണ ക്ലസ്റ്റർ 6 മംഗലപുരം (6.37 ച.കി.മീ) – ലൈഫ് സയൻസിന്റെയും ഐ.ടിയുടെയും ഹബ് 7കിളിമാനൂർ (5.28 ച.കി.മീ) – കാർഷിക,ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങൾ 8 കല്ലമ്പലം (8.28 ച.കി.മീ) – കാർഷിക,ഭക്ഷ്യ സംസ്‌കരണം