ചിക്കൻ ബിരിയാണി നൽകി; ഹോട്ടലുടമയെ വെടിവച്ചു കൊന്നു

Tuesday 21 October 2025 12:05 AM IST

റാഞ്ചി: വെജ് ബിരിയാണിയ്ക്ക് പകരം ചിക്കൻ ബിരിയാണി നൽകിയ ഹോട്ടൽ ഉടമയെ ഉപഭോക്താവ് വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിഥ സ്വദേശിയായ വിജയ് കുമാർ നാഗ് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാത്രി ഹോട്ടലിൽ എത്തിയ ഉപഭോക്താവ് വെജ് ബിരിയാണി പാഴ്സൽ വാങ്ങിയത്. എന്നാൽ വീട്ടിലെത്തി കുറച്ച് കഴിഞ്ഞ അത് ചിക്കൻ ബിരിയാണിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ വിജയ് നാഗിനെ ഫോണിൽ വിളിച്ച് ഇയാൾ തർക്കിച്ചു. ഫോൺ സംഭഷണത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായതായി പൊലീസ് പറയുന്നു. തുടർന്ന് രാത്രി 11.30ഓടെ ഇയാൾ മൂന്ന് പേർക്ക് ഒപ്പം ഹോട്ടലിലെത്തി. പിന്നാലെ പ്രതി ഒരു തോക്കെടുത്ത് വിജയ്‌യുടെ നെഞ്ചിൽ നിറയൊഴിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം അവിടെ നിന്ന് പ്രതിയും കൂട്ടരും ഓടി രക്ഷപ്പെട്ടു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ആളുകൾ വിജയ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടനെ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വെടിവച്ചവരെ ഉടനെ കണ്ടെത്തുമെന്നും സിസിടിവി അടക്കം പരിശോധിച്ച് വരികയാണെന്നും അറിയിച്ചു.