അമേരിക്കയുടെ ഭീഷണി ഇന്ത്യയ്ക്ക് മുന്നില്‍ ഏറ്റില്ല; കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് ഇക്കാര്യം
അമേരിക്കന്‍ തീരുവ പ്രതിസന്ധി മറികടക്കുന്നു
കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിജയത്തിലേക്ക്. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം പിഴച്ചുങ്കത്തോടൊപ്പം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് മൊത്തം 50 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ഏറ്റുമുട്ടലിന് നീങ്ങാതെ പുതിയ വിപണികള്‍ കണ്ടെത്തി അമേരിക്കന്‍ കയറ്റുമതിയിലെ നഷ്ടം മറികടക്കാനാണ് ഇന്ത്യ ശ്രമിച്ചത്. വിപുലമായി തൊഴില്‍ സൃഷ്ടിക്കുന്ന ടെക്‌സ്റ്റൈയില്‍, ജെം ആന്‍ഡ് ജുവലറി, സമുദ്രോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അമേരിക്കന്‍ നടപടി കനത്ത പ്രതിസന്ധി സൃഷ്ടിച്ചു.
സെപ്തംബറില്‍ അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതി 37.5 ശതമാനം ഇടിഞ്ഞ് 550 കോടി ഡോളറായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി ഇടിവ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്ന് ഐ.എം.എഫ് അടക്കമുള്ള ആഗോള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി ഉയരുമെന്നാണ് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നത്.
കയറ്റുമതി മുന്നോട്ട്
യു.എസ് പ്രതിസന്ധിയിലും ഇന്ത്യയുടെ മൊത്തം കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 6.7 ശതമാനം വളര്‍ച്ച നേടി. മുന്‍കൂര്‍ വാങ്ങലും വിപണിയുടെ വൈവിദ്ധ്യവല്‍ക്കരണവുമാണ് ഇക്കാലയളവില്‍ ഇന്ത്യയ്ക്ക് നേട്ടമായത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം കയറ്റുമതി 3.02 ശതമാനം ഉയര്‍ന്ന് 22,012 കോടി ഡോളറായി.
പുതിയ വിപണികള്‍
ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മദ്ധ്യേഷ്യ
ചെലവ് ചുരുക്കലിന് പ്രാമുഖ്യം
അമേരിക്കയുടെ തീരുവ യുദ്ധ പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ കമ്പനികള്‍ ശക്തമാക്കുകയാണ്. ജീവനക്കാരുടെ കൂലിയും ചരക്ക് ഗതാഗത ചെലവും അനാവശ്യ ചെലവുകളും നിയന്ത്രിച്ച് ആഗോള വിപണിയില്‍ മത്സരക്ഷമത നേടാനാണ് ശ്രമം.
ഫോക്കസ് വിപണികള്‍
50 രാജ്യങ്ങള്‍
ബദല്‍ വിപണികളില്‍ നേട്ടം
വിയറ്റ്നാം, കൊറിയ, ജര്‍മ്മനി, റഷ്യ, കെനിയ, കാനഡ തുടങ്ങിയ 24 രാജ്യങ്ങളിലേക്ക് കയറ്റുമതി ഉയരുന്നു