ഡൽഹിയിലെ പലഹാരക്കടയിൽ പാചകം ചെയ്യുന്നത് രാഹുൽ ഗാന്ധിയോ?, ​ വീഡിയോ വൈറൽ

Tuesday 21 October 2025 12:12 AM IST

ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്‌തമായ മധുരപലഹാര കടയായ ഘണ്ടേവാലയിലെത്തി പലഹാരമുണ്ടാക്കി രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രധാന മധുര പലഹാരമായ ഇമർത്തിയാണ് അദ്ദേഹം ഉണ്ടാക്കിയത്. പൂക്കളുടെ ആകൃതിയിലൊഴിച്ച ഉഴുന്നുമാവ് വറുത്ത് അതിൽ പഞ്ചസാര ലായനി ചേർത്താണ് അതുണ്ടാക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് 1790 ൽ ആരംഭിച്ച ഘണ്ടേവാലെയിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. സന്ദർശനത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം എക്‌സിൽ പങ്കുവച്ചു.

വീഡിയോയിൽ, കടയിലേക്കെത്തിയ രാഹുൽ ഗാന്ധി കടയുടമയുമായി സംസാരിക്കുന്നുണ്ട്. രാഹുൽഗാന്ധിയുടെ പിതാവും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ പിറന്നാളിന് കടയിൽ നിന്ന് പലഹാരങ്ങൾ അയക്കാറുണ്ടായിരുന്നെന്ന് സംസാരത്തിനിടയിൽ കടയുടമ പറയുന്നുണ്ട്. ഇമർത്തി ഉണ്ടാക്കുന്ന സ്ഥലത്തേക്ക് രാഹുൽ ഗാന്ധിയെ കൂട്ടിക്കൊണ്ടുപോയ കടയുടമ പലഹാരങ്ങൾ ഉണ്ടാക്കുന്നതെങ്ങനെയെന്നും അദ്ദേഹത്തിന് പറഞ്ഞ് കൊടുത്തു. ഇമർത്തി മാത്രമല്ല, ഹൽവ, ലഡു തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കാനും അദ്ദേഹം ശ്രമം നടത്തി. എന്നാൽ ഈ പണികളൊന്നും അത്ര എളുപ്പമല്ലെന്ന് രാഹുൽ ഗാന്ധി തന്നെ സമ്മതിച്ചു. മധുര പലാഹാരം തയ്യാറാക്കുന്നതിന് പിന്നിലെ പ്രയത്നത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

''നിങ്ങൾ മധുരം കവിക്കുന്നു. പക്ഷേ, അതെങ്ങനെ നിങ്ങളുടെ കൈകളിൽ എത്തിയെന്ന് ചിന്തിക്കുന്നില്ല. കർഷകരുടെയും തൊഴിലാളികളുടെയും ഈ കരകൗശല വിദഗ്ധരുടെയും അദ്ധ്വാനം അതിന് പിന്നിലുണ്ട്' എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.

' ഓൾഡ് ഡൽഹിയലെ ചരിത്രപ്രസിദ്ധമായ ഘണ്ടേവാല മധുരപലഹാര കടയിൽ ബേസൻ ലഡുവും ഉണ്ടാക്കാൻ ഞാനൊരു ശ്രമം നടത്തി. നൂറ്റണ്ടുകളുടെ പഴക്കത്തിൽ അഭിമാനത്തോടെ നിൽക്കുന്ന കടയുടെ മധുരം ഇന്നും അതുപോലെ തന്നെയുണ്ട്. അത് ശുദ്ധവും പരമ്പരാഗതവും ഹൃദയ സ്പർശിയുമാണ്. ദീപാവലിയുടെ യഥാർത്ത മാധുര്യം പലഹാര തട്ടി. മാത്രമല്ല, ബന്ദങ്ങലിലും സമൂഹത്തിലുമാണ്' രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.