വിജയ്‌യെ എൻ.ഡി.എയിൽ എത്തിക്കാൻ പവൻ കല്യൺ

Tuesday 21 October 2025 1:57 AM IST

ചെന്നൈ: ടി.വി.കെ നേതാവ് വിജയ്‌യെ എൻ.ഡി.എ പാളയത്തിലെത്തിക്കാൻ തെലുങ്ക് സൂപ്പർതാരവും ആന്ധ്രപ്രദേശ് ഉപമുഖ്യമന്തിയുമായ പവൻ കല്യാൺ രംഗത്ത്. ഇന്നലെ വിജയ്‌യുമായി ഫോണിൽ സംസാരിച്ച പവൻ കല്യാൺ അദ്ദേഹത്തെ എൻ.ഡി.എയിലേക്ക് ക്ഷണിച്ചു. വിജയ് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന.

പവൻകല്യാൺ രൂപീകരിച്ച ജനസേന പാർട്ടി ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണ്. ആന്ധ്രപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിയെ തിരികെ എൻ.ഡി.എയിൽ എത്തിച്ചതിൽ മുഖ്യപങ്കുവഹിച്ചത് പവൻ കല്യാണായിരുന്നു. വൻ ഭൂരിപക്ഷത്തോടെ ആന്ധ്രയിൽ എൻ.ഡി.എ ജയിക്കുകയും ചെയ്തു. ഈ അനുഭവം മുന്നിൽവച്ചാണ് കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശാനുസരണം പവൻകല്യാൺ രംഗത്തിറങ്ങിയതെന്നാണ് സൂചന. ദീപാവലി ആശംസകൾ നേർന്നുകൊണ്ടായിരുന്നു പവൻകല്യാൺ വിജയ്‌യോട് സംസാരിച്ചു തുടങ്ങിയത്. സംഭാഷണത്തിനിടയിൽ തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച്,വിജയ് എടുക്കുന്ന തീരുമാനം ഡി.എം.കെ സർക്കാരിനെ പുറത്താക്കുന്നതിനു വേണ്ടിയായിരിക്കണമെന്ന് പവൻകല്യാൺ പറഞ്ഞു. അധികാരം കിട്ടുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനമാണ് ഇപ്പോൾ അഭികാമ്യമെന്ന് പവൻകല്യാൺ തന്റെ അനുഭവം ചൂട്ടിക്കാണ്ടി വിജയ്‌യെ ഉപദേശിച്ചതായാണ് സൂചന.