സിദ്ധരാമയ്യയുടെ പരിപാടിയിൽ തിക്കും തിരക്കും: 11 പേർക്ക് പരിക്ക്

Tuesday 21 October 2025 2:03 AM IST

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്. ദക്ഷിണ കന്നടയിലെ പുത്തൂർ താലൂക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. റായി എസ്റ്റേറ്റ് എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച 'അശോക ജന മന 2025' എന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12ഓടെ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും ഒരു മണിക്കൂർ വൈകിയാണ് എത്തിയത്.

തുടർന്ന് വൈകിട്ട് 3ഓടെ പരിപാടി അവസാനിച്ചു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന ഭാഗത്താണ് ആളുകൾ തിക്കും തിരക്കുമുണ്ടാക്കിയത്. ഇതേ തുടർന്ന് പലർക്കും തളർച്ചയും നിർജലീകരണവും അനുഭവപ്പെട്ടു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.