യെമൻ തീരത്ത് കപ്പലിൽ സ്‌ഫോടനം, 23 ഇന്ത്യക്കാരെ രക്ഷപെടുത്തി

Tuesday 21 October 2025 2:15 AM IST

സനാ: യെമൻ തീരത്ത് വച്ച് പൊട്ടിത്തെറിയുണ്ടായ കപ്പലിൽ നിന്ന് ജീവനക്കാരായ 23 ഇന്ത്യക്കാരെയും യുക്രെയിൻ പൗരനെയും രക്ഷപെടുത്തി. രണ്ട് ഇന്ത്യക്കാരെ കാണാതായി. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഏദൻ തീരത്തിന് സമീപത്ത് വച്ചാണ് കാമറൂൺ പതാക വഹിക്കുന്ന എം.വി ഫാൽക്കൺ എന്ന എൽ.പി.ജി ടാങ്കറിൽ സ്ഫോടനമുണ്ടായത്.

ഒമാനിലെ സൊഹാർ പോർട്ടിൽ നിന്ന് ജിബൂട്ടിയിലേക്ക് പോവുകയായിരുന്ന കപ്പൽ ഏദനിൽ നിന്ന് 113 നോട്ടിക്കൽ മൈൽ അകലെ തെക്കു കിഴക്കൻ ദിശയിലൂടെ നീങ്ങുകയായിരുന്നു. കപ്പലിന്റെ 15 ശതമാനം ഭാഗത്തേക്കും തീപടർന്നു. വിവരം ലഭിച്ച ഉടൻ യൂറോപ്യൻ യൂണിയന്റെ നാവിക സേനയെത്തി രക്ഷാദൗത്യം തുടങ്ങി. തീ നിയന്ത്രണവിധേയമായിട്ടില്ല.