സ്കൂൾ ക്യാന്റീനുകളിൽ ജങ്ക് ഫുഡ് കെണി
കോട്ടയം: അൺ എയ്ഡഡ് സ്കൂൾകൾക്കു പുറമേ സർക്കാർ,എയ്ഡഡ് സ്കൂളുകളിലും ആരംഭിച്ച ഭക്ഷണ ശാലകളിൽ കുട്ടികളെ ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാക്കുന്ന ജങ്ക് ഫുഡ് വ്യാപകമായി. അതിമധുരമുള്ള മിഠായികളും കോളകളും കുട്ടികളെ ചെറുപ്പത്തിലേ പ്രമേഹ രോഗികളാക്കുമെന്ന ് ആക്ഷേപമുയർന്നു.
നേരത്തേ വലിയ സ്കൂളുകളിൽ മാത്രമായിരുന്നു ക്യാന്റീനുകൾ. ഇപ്പോൾ സർക്കാർ ,എയ്ഡഡ് സ്കൂളുകളിൽ വരെ ക്യാന്റീനുകളുണ്ട്.
കുടുംബ ശ്രീയും ക്യാന്റീനുകൾ നടത്തുന്നുണ്ടെങ്കിലും നാടൻ ഭക്ഷണ വിഭവങ്ങളൊന്നും ഇവിടെ തയ്യാറാക്കി വിൽക്കുന്നില്ല. അവൽ നനച്ചത് , ഏത്തപ്പഴം കൊണ്ടുള്ള വിവിധ വിഭവങ്ങൾ , കൊഴുക്കട്ട , ഇലയട, ഉഴുന്നു വട,പരിപ്പുവട,സുഖിയൻ, കുമ്പിൾ തുടങ്ങിയ നാടൻ വിഭവങ്ങളൊന്നും സ്കൂൾ ക്യാന്റീനുകളിൽ ഇല്ല, ഒറ്റസ്കൂളുകളിലും കപ്പ ഉപയോഗിച്ചുള്ള വിഭവമില്ല. അതേ സമയം വിവിധകോളകൾ , ലഡു,ജിലേബി, ആപ്പിളിന്റെയും ഓറഞ്ചിന്റെയും മാംഗോയുടെയും മറ്റും ഫോവറുള്ള വില കുറഞ്ഞ ശീതള പാനീയങ്ങൾ മഞ്ച് ,ലേസ് , തുടങ്ങിയ പാക്കറ്റ് ഫുഡുകളും പഫ്സ്, സമൂസ, മീറ്റ് റോൾ തുടങ്ങിവയുമാണ് കൂടുതലായി വിൽക്കുന്നത്. ഇവയുടെ അമിത ഉപയോഗം കുട്ടികളെ പൊണ്ണത്തടിയന്മാരും ആമാശയ രോഗികളുമാക്കുന്നു. കുട്ടികളെ പ്രമേഹ രോഗികളാക്കുന്നതിൽ പ്രധാന കാരണം ജങ്ക് ഫുഡിന്റെ അമിത ഉപയോഗമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
മോഷ്‌ടിക്കുന്നുവെന്ന് പരാതി
കൂട്ടുകാർക്കൊപ്പം എന്നും ക്യാന്റീൻ ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ പണത്തിനായി പല കുട്ടികളും വീട്ടുകാർ അറിയാതെ പണം മോഷ്ടിക്കുന്നുവെന്ന പരാതിയും പി.ടി.എ യോഗങ്ങളിൽ വ്യാപകമാണ്. മോഷണ ശീലത്തിനും ഇതു കുട്ടിക്കാലത്തെ വഴിയൊരുക്കുന്നു
മധുരം വില്ലനാകുന്നു
ജങ്ക് ഫുഡ് കുട്ടികളിൽ അമിതമായി മധുരത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നു. ഈ സാഹചരൃത്തിൽ സ്കൂളുകളിൽ ഷുഗർ ബോർഡ് സ്ഥാപിച്ച് അമിത മധുരത്തിന്റെ ഉപയോഗത്തിൽ നിന്നു വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ നടപടി സ്വീകരിക്കണം.
സ്കൂൾ ക്യാന്റീനുകളിൽ നാടൻ ഭക്ഷണവിഭവങ്ങൾ മാത്രം വിൽപ്പന നടത്താൻ കർശന നിർദ്ദേശം നൽകണമെന്ന് ആവശൃപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
എബി ഐപ്പ് (ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം)