പരിക്കിനെ പറപ്പിക്കാൻ സ്‌പോട്ടിലുണ്ട് സ്‌പോർട്‌സ് ആയുർവേദ

Tuesday 21 October 2025 1:44 AM IST
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ പരിക്കേറ്റ കായിക താരങ്ങൾക്ക് ഡോ.ദിയ ജോർജിന്റെ നേതൃത്വത്തിൽ ആയുർവേദ ചികിത്സ നൽകുന്നു.

കോട്ടയം: ട്രാക്കിലും ഫീൽഡിലും പരിക്കേൽക്കുന്ന കായിക താരങ്ങൾക്ക് വൈദ്യസഹായവുമായി സ്‌പോട്ടിലുണ്ട് സ്‌പോർട്‌സ് ആയുർവേദ ടീം. ആയുഷ് വകുപ്പിന്റെ കീഴിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും സംയുക്ത പദ്ധതിയാണ് സ്‌പോർട്‌സ് ആയുർവേദ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌പോർട്‌സ് ആയുർവേദ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ കായിക താരങ്ങളുടെയും അദ്ധ്യാപകരുടെയും പരിക്കുകൾ ചികിത്സിക്കുന്നതിനും തുടർ പരിക്കുകൾ ഒഴിവാക്കാനും കായിക ക്ഷമത പരിപാലിക്കാനുമുള്ള സംവിധാനങ്ങൾ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രാജ്യത്തെ ആദ്യത്തെ സ്‌പോർട്‌സ് ആയുർവേദ ആശുപത്രി തൃശൂർ കിസാർ ആണ്.

ജില്ലയിലെ സെന്റർ പാലായിൽ: ജില്ലയിൽ പാലാ ഗവ.ആയുർവേദ ആശുപത്രിയിലാണ് സ്‌പോർട്‌സ് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രവർത്തനം ആരംഭിച്ചത്. ഒരു ഡോക്ടർ,ഫീമെയിൽ തെറാപ്പിസ്റ്റ്, മെയിൽ തെറാപ്പിസ്റ്റ് എന്നിവരാണ് ടീമിലുള്ളത്. ഐ.പി, ഒ.പി സേവനമുണ്ട്. സൗജന്യമായി 12 ലക്ഷം രൂപ വരെയുള്ള മരുന്നുകളും സേവനങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കായിക താരങ്ങൾക്കും, കായികാദ്ധ്യാപകർക്കും സേവനം ലഭിക്കും. മാസത്തിലൊരിക്കൽ ജില്ലയിലെ സ്‌കൂളുകളിൽ ബോധവത്ക്കരണ ക്ലാസ്, മെഡിക്കൽ ക്യാമ്പ് എന്നിവയുമുണ്ട്.

സേവനങ്ങൾ: കായിക താരങ്ങളുടെ പരിക്കുകൾ ചികിത്സിക്കുക മാനസിക പിരിമുറുക്കം കുറയ്‌്കുക

ഏകാഗ്രത വർദ്ധിപ്പിക്കുക ന്യൂട്രീഷണിസ്റ്റ് ഫിസിയോ തെറാപ്പിസ്റ്റ് സൈക്കോളജിസ്റ്റ് അത്യാധുനിക ഫിസിയോതെറാപ്പി യൂണിറ്റ് ജിം

ലക്ഷ്യങ്ങൾ: തുടർപരിക്കുകൾക്കുള്ള പ്രതിരോധ ചികിത്സ പ്രീഇവന്റ്, ഇന്റർ ഇവന്റ്, പോസ്റ്റ് ഇവന്റ് തയ്യാറെടുപ്പുകൾ ശാരീരിക ക്ഷമത പാകപ്പെടുത്തൽ മത്സര ഇടവേളകളിൽ താരങ്ങളുടെ ആരോഗ്യ പരിപാലനം ദിനചര്യ, ഋതുചര്യ, നിത്യരസായനം തുടങ്ങിയ ആയുർവേദ മാതൃകകൾ സബ്ജില്ലാതലം മുതൽ ദേശീയ അന്തർദേശീയ തലം വരെ വൈദ്യസഹായം താരങ്ങൾക്കും പരിശീലകർക്കും സ്‌പോർട്‌സ് ന്യൂട്രീഷ്യൻ

പാലായിൽ നടന്ന കായിക മേളയിൽ പരിക്കേറ്റ 250 ഓളം താരങ്ങൾക്ക് ചികിത്സ നൽകി തുടർ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. ജില്ലയിൽ എവിടെയും സ്‌പോർട്‌സുമായി ബന്ധപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാണ്.

ഡോ.ദിയ ജോർജ് പാലാ സ്‌പോർട്സ് ആയുർവേദ ആശുപത്രി