ലാൻഡിംഗിനിടെ അപകടം: ഹോങ്കോംഗിൽ വിമാനം കടലിൽ പതിച്ചു  2 മരണം

Tuesday 21 October 2025 7:26 AM IST

ബീജിംഗ് : ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങി കടലിൽ പതിച്ചുണ്ടായ അപകടത്തിൽ 2 മരണം. ഇന്നലെ പുലർച്ചെ 3.50ന് (പ്രാദേശിക സമയം)​ ദുബായ്‌യിൽ നിന്നെത്തിയ എ.സി.റ്റി എയറിന്റെ ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡിംഗ് പാതയിൽ നിന്ന് വ്യതിചലിച്ച് റൺവേയിലുണ്ടായിരുന്ന സെക്യൂരിറ്റി പട്രോൾ കാറിൽ ഇടിക്കുകയും,​ കാറുമായി മുന്നോട്ട് നീങ്ങി കടലിൽ വീഴുകയുമായിരുന്നു. കാറിലുണ്ടായിരുന്ന വിമാനത്താവള സുരക്ഷാ ജീവനക്കാരാണ് മരിച്ചവർ. വിമാനം ഭാഗികമായി കടലിൽ മുങ്ങിയെങ്കിലും ഉള്ളിലുണ്ടായിരുന്ന നാല് ജീവനക്കാരും രക്ഷപ്പെട്ടു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.