'തന്നെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു'; 21 വയസ്സുകാരിയെ പീഡിപ്പിച്ച ഡോക്‌ടർ അറസ്റ്റിൽ
ബംഗളൂരു: 21കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ അശോക് നഗർ പൊലീസ് ഡോ.പ്രവീണിനെ(56) അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ചർമ്മത്തിലെ അണുബാധ പരിശോധിക്കാനെന്ന പേരിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും മുപ്പത് മിനിട്ടോളം ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്റെ എതിർപ്പ് വകവയ്ക്കാതെ പ്രതി നിർബന്ധിച്ച് വസ്ത്രം അഴിച്ചുമാറ്റിയെന്നും പിന്നീട് തന്നോടൊപ്പം സ്വകാര്യ സമയം ചെലവഴിക്കാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
സാധാരണയായി യുവതി പിതാവിനൊപ്പമാണ് ക്ലിനിക്കിൽ എത്താറുള്ളത്. എന്നാൽ യുവതി തനിച്ച് ക്ലിനിക്കിലെത്തിയ ദിവസമാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ കുടുംബവും പ്രദേശവാസികളും ക്ലിനിക്കിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
എന്നാൽ പരിശോധന മാത്രമാണ് താൻ നടത്തിയതെന്നാണ് ഡോക്ടർ ആരോപിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 75 (ലൈംഗിക പീഡനം), 79 (സ്ത്രീയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. .