'ഒന്നാം തീയതിയോടെ ഇറക്കുമതി തീരുവ 155 ശതമാനമാക്കും'; വീണ്ടും ഭീഷണി മുഴക്കി ട്രംപ്

Tuesday 21 October 2025 11:25 AM IST

വാഷിംഗ്‌ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാർ പരാജയപ്പട്ടാൽ ചൈനീസ് ഇറക്കുമതിക്ക് 155 ശതമാനം വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൺഡ് ട്രംപിന്റെ ഭീഷണി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി വൈറ്റ് ഹൗസിലെ ധാതു കരാര്‍ ഒപ്പിട്ടതിന് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.

ധാതുക്കളുടെ ഇറക്കുമതിയ്ക്ക് അമേരിക്ക ആശ്രയിക്കുന്നത് ചൈനയെയാണ്. അത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയയുമായി യുഎസ് കരാര്‍ ഒപ്പുവെച്ചത്. ചൈനയ്ക്ക് നമ്മളോട് ഏറെ ബഹുമാനമുണ്ടെന്നാണ് കരുതുന്നത്. തീരുവയായി ചൈന നൽകുന്ന 55 ശതമാനം വലിയ തുകയാണ്. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി വളരെ ന്യായമായ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേര്‍ന്നില്ലെങ്കില്‍ നവംബര്‍ ഒന്നാം തീയതിയോടെ അത് 155 ശതമാനമാകുമെന്നാണ് ട്രംപിന്റെ ഭീഷണി.

യുഎസിന്റെ വ്യാപാരനയത്തെ പല രാജ്യങ്ങളും ചൂഷണം ചെയ്തിരുന്നു. ആരെയും അത്തരത്തിൽ ഇനി അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉടൻ തന്നെ ദക്ഷിണ കൊറിയയിൽ ഷി ജിൻപിംഗുമായുള്ള ചർച്ചയുണ്ടാകുമെന്നും ട്രംപ് വെളിപ്പെടുത്തി. ഇരു സർക്കാരുകളും തമ്മിലുള്ള സംഭാഷണം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.