മുസ്ലീം സ്ത്രീകൾ നിസ്കരിച്ചു, ചരിത്രപ്രസിദ്ധമായ സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധികർമ്മം നടത്തി ബിജെപി

Tuesday 21 October 2025 12:51 PM IST

പൂനെ: ചരിത്രപ്രസിദ്ധമായ ശനിവാർവാഡയിൽ മുസ്ലീം സ്ത്രീകൾ നിസ്‌കരിച്ചതിന് പിന്നാലെ ഹിന്ദു സംഘടനകൾ ശുദ്ധികർമ്മം നടത്തിയ സംഭവം പൂനെയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ബിജെപി എംപി മേധ കുൽക്കർണിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനകളാണ് ശനിവാർവാഡയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയത്.

നിസ്കരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ചും ശിവവന്ദനം നടത്തിയുമാണ് നേതാക്കൾ ശുദ്ധികർമ്മം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മറാഠാ സാമ്രാജ്യത്തിന്റെ പ്രതീകമായ പൂനെയിലെ ചരിത്രപ്രസിദ്ധമായ കോട്ടയിൽ നടന്ന സംഭവം ഓരോ പൂനെ നിവാസിയെയും സംബന്ധിച്ച് ആശങ്കയ്ക്കും രോഷത്തിനും ഇടയാക്കുന്നതാണെന്ന് ബിജെപി എംപി മേധ കുൽക്കർണി പ്രതികരിച്ചു.

'നിർഭാഗ്യകരമായ കാര്യമാണിത്. നിസ്‌കരിക്കാനുള്ള ഇടമല്ല ശനിവാർവാഡ. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിവാർവാഡയിൽ ഞങ്ങൾ ശിവവന്ദനം നടത്തുകയും സ്ഥലം ശുദ്ധീകരണം നടത്തുകയും ചെയ്തു. കാവി പതാക ഉയർത്താൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞു. ഇക്കൂട്ടർ ഏതെങ്കിലും സ്ഥലത്ത് നിസ്‌കരിക്കുകയും പിന്നീട് അത് വഖഫ് സ്വത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണ്. ഹിന്ദു സമൂഹം ജാഗ്രതയിലാണ്.' കുൽക്കർണി വ്യക്തമാക്കി.

ശനിവാർവാഡയിൽ നടന്ന നിസ്‌കാരത്തെ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയും അപലപിച്ചു. "ശനിവാർവാഡയ്ക്ക് ചരിത്രമുണ്ട്. അവ ധീരതയുടെ പ്രതീകമാണ്. ഹിന്ദു സമൂഹത്തിന് ശനിവാർവാഡ പ്രിയപ്പെട്ട ഇടമാണ്. ഹാജി അലിയിൽ ഹിന്ദുക്കൾ ഹനുമാൻ ചാലീസ ചൊല്ലിയാൽ മുസ്ലീം വികാരം വ്രണപ്പെടില്ലേ? നിങ്ങൾ പള്ളിയിൽ പോയി നിസ്‌കരിക്കുക. ഹാജി അലിയിൽ ഹനുമാൻ ചാലീസയും ആരതിയും നടത്തിയാൽ ഇവരും വിഷമിക്കരുത്," റാണെ പറഞ്ഞു.

എന്നാൽ ബിജെപി എംപിയുടെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. മത സ്പർദ്ദയ്കക്ക് ശ്രമിച്ച മേധ കുൽക്കർണിക്കെതിരെ കേസെടുക്കണമെന്നും അജിത് പവാറിന്റെ എൻസിപി വക്താവ് രൂപാലി പാട്ടീൽ തോംബ്രെ ആവശ്യപ്പെട്ടു. "ഹിന്ദുവും മുസ്ലീമും സൗഹാർദത്തിലാണ് ജീവിക്കുന്നത്. എന്നാൽ അവർ ഇരു വിഭാഗത്തെയും ഓരോ പ്രശ്നങ്ങൾ ഉയർത്തി തമ്മിലടിപ്പിക്കാനാണ് നോക്കുന്നത്." തോംബ്രെ പറഞ്ഞു.

ബിജെപി രാജ്യത്തെ മതേതരത്വവും ബഹുസ്വരതയും നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എഐഎംഐഎം വക്താവ് വാരിസ് പഠാൻ ആരോപിച്ചു. 'അവർ വെറുപ്പ് മാത്രമാണ് പ്രചരിപ്പിക്കുന്നത്. മൂന്നോ നാലോ മുസ്ലീം സ്ത്രീകൾ ഒരിടത്ത് ജുമാ നിസ്‌കാരം നടത്തിയതുകൊണ്ട് എന്ത് പ്രശ്‌നമാണുണ്ടായത്? ട്രെയിനുകളിലോ വിമാനത്താവളങ്ങളിലോ ഹിന്ദുക്കൾ ഗർഭ നൃത്തം ചെയ്യുമ്പോൾ ഞങ്ങൾ ഒരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ല.

എഎസ്ഐ സംരക്ഷിത സ്മാരകങ്ങൾ എല്ലാവർക്കുമുള്ളതാണ്. മൂന്ന് മിനിട്ട് നീണ്ട നിസ്‌കാരം നിങ്ങളെ ഇത്രയധികം വിഷമിപ്പിച്ചോ. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്. നിങ്ങൾ എത്രത്തോളം വെറുപ്പ് പ്രചരിപ്പിക്കും? വെറുപ്പ് സൂക്ഷിക്കുന്ന നിങ്ങളുടെ മനസിനെയാണ് ആദ്യം ശുദ്ധീകരിക്കേണ്ടത്," അദ്ദേഹം പറഞ്ഞു.

ശനിവാർവാഡയിൽ നിസ്‌കാരം നടത്തിയ തിരിച്ചറിയാത്ത സ്ത്രീകൾക്കെതിരെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയിലെ സുരക്ഷ വർദ്ധിപ്പിച്ചതായും പൊലീസ് അറിയിച്ചു.