അഴിമതി വിരുദ്ധ അതോറിറ്റിക്ക് വേണ്ടത് ബിഎംഡബ്ല്യു; ഓരോ അംഗത്തിനും ലഭിക്കുന്നത് 70 ലക്ഷം രൂപയുടെ കാർ, പ്രതിഷേധം കനക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റിയായ ലോക്‌പാലിലെ ഉദ്യോഗസ്ഥർ ഇനി ആഡംബരക്കാറായ ബിഎംഡബ്ല്യുവിൽ സഞ്ചരിക്കും. ഇതിനായി ഏഴ് ബിഎംഡബ്ല്യു 3 സിരീസ് കാറുകൾ വാങ്ങുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 16ന് പുറത്തുവിട്ട വിഞ്ജാപനത്തിൽ കാറുകൾ വിതരണം ചെയ്യുന്നതിന് അനുയോജ്യമായ കമ്പനികൾക്ക് ക്ഷണം ലഭിച്ചു. 90 ദിവസത്തിനുള്ളിൽ താൽപര്യമുള്ള കമ്പനികൾ അപേക്ഷ നൽകണമെന്നാണ് വിഞ്ജാപനം.
ലോകപാലിന്റെ ചെയർപേഴ്സണായ സുപ്രീംകോടതി മുൻ ചീഫ് ജസ്‌റ്റിസ് അജയ് മാണിക് റാവു ഉൾപ്പെടെയുള്ള ഓരോ അംഗത്തിനും ഒരു കാർ വീതം നൽകും. 70 ലക്ഷം രൂപയാണ് ഒരു ബിഎംഡബ്ല്യു കാറിന്റെ വില. നിർമ്മാതാക്കളായ ബിഎംഡബ്ല്യു ലോക്പാലിലെ ഡ്രൈവർമാർക്ക് ഏഴ് ദിവസത്തെ പരിശീലനം നൽകുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറുകളുടെ ഇലക്ട്രോണിക് സിസ്റ്റങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി ഡ്രൈവർമാരെ പഠിപ്പിക്കും.
ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള ലോക്പാലിന്റെ തീരുമാനം വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. അഴിമതി വിരുദ്ധ അതോറിറ്റി ലോക്പാൽ ഇത്രയും വിലകൂടിയ വാഹനങ്ങൾ നൽകുന്നതിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. 'അഴിമതിയിൽ വിഷമിക്കാത്തവരും ആഡംബരങ്ങളിൽ സന്തുഷ്ടരുമായ ദാസന്മാരെ നിയമിച്ചുകൊണ്ട് ലോക്പാലിനെ നശിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു'- അദ്ദേഹം ആരോപിച്ചു.
ഉത്തരവാദിത്തങ്ങൾ നന്നായി പാലിച്ചിരുന്ന ലോക്പാൽ എന്ന സ്ഥാപനം ഇന്ന് തകർന്നടിയുകയാണെന്നും പ്രധാന നിയമനങ്ങളില്ലാത്ത ഒരു സ്ഥാപനത്തിനായി സർക്കാർ എന്തിനാണ് ആഡംബര കാറുകൾ വാങ്ങുന്നതെന്ന് കോൺഗ്രസിന്റെ യുവജന വിഭാഗങ്ങൾ ചോദ്യങ്ങളുയർത്തി.