24 വർഷത്തിനു ശേഷം വിജയ് - സൂര്യ ചിത്രം 'ഫ്രണ്ട്സ്' തീയേറ്ററുകളിലേക്ക്; റീ - റിലീസ് ഉടൻ
ആരാധകരെ ആവേശത്തിലാക്കാൻ വിജയ് - സൂര്യ കൂട്ടുക്കെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഫ്രണ്ട്സ്' വീണ്ടും തീയേറ്ററുകളിലേക്ക്. ചിത്രം റിലീസായത്തിന്റെ 24-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി.വിനോദ് ജെയിൻ. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21നാണ് തീയേറ്ററുകളിലെത്തുക.
1999ൽ സിദ്ദിഖ് സംവിധാനം ചെയ്ത 'ഫ്രണ്ട്സ്' മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് സിദ്ദിഖ് തന്നെ ഈ സിനിമ 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് അതിൽ അഭിനയിച്ചത്. സൂര്യയുടെയും വിജയ്‌യുടെയും കരിയറിൽ വൻ മാറ്റം ഉണ്ടാക്കിയ ചിത്രം തമിഴിലും ഹിറ്റായിരുന്നു.
ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാള ചിത്രം ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നടത്തിയ ഹൈ സ്റ്റുഡിയോസാണ് ഫ്രണ്ട്സിന്റെ 4K മാസ്റ്ററിംഗും ചെയ്യുന്നത്.
ഛായാഗ്രഹണം- ആനന്ദക്കുട്ടൻ, എഡിറ്റിംഗ്- ടി.ആർ. ശേഖർ, കെ.ആർ. ഗൗരീശങ്കർ, ആർട്ട്- മണി സുചിത്ര, ആക്ഷൻ- കനൽ കണ്ണൻ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്- ഷാനു പരപ്പനങ്ങാടി, അറ്റ്മോസ് മിക്സ്- ഹരി നാരായണൻ, പി.ആർ.ഒ.നിഖിൽ മുരുകൻ, പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.