ബലാത്സംഗ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചു; 17വർഷങ്ങൾക്ക് ശേഷം കുടുക്കിയത് കൈയ്യിലെ ടാറ്റൂ
യൂട്ടാ: ബലാത്സംഗ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജമരണവാർത്ത സൃഷ്ടിച്ച യുവാവ് 17 വർഷങ്ങൾക്ക് ശേഷം അറസ്‌റ്റിലായി. നിക്കോളാസ് റോസി എന്ന അമേരിക്കകാരനാണ് അറസ്‌റ്റിലായത്. ഇയാൾക്ക് അഞ്ച് വർഷം മുതലുള്ള ജീവപര്യന്തം തടവ് ശിക്ഷ നൽകാൻ യൂട്ടാ കോടതി വിധിച്ചു. 2008ൽ തന്റെ മുൻ കാമുകിയെ ബലാത്സംഗം ചെയ്തത കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. ബലാത്സംഗ ശേഷം പിടിക്കപ്പെടാതിരിക്കാൻ ഇയാൾ പേര് മാറ്റി സ്‌കോഡ്‌ലൻഡിലേക്ക് പലായനം ചെയ്യുകയായിരുന്നു.
2018 ലാണ് ഡിഎൻഎ റേപ്പ് കിറ്റിന്റെ സഹായത്തിൽ നിക്കോളാസിന്റെ പേരിലുള്ള കുറ്റം തെളിഞ്ഞത്. പക്ഷേ, കുറ്റം ചുമത്തി മാസങ്ങൾക്ക് ശേഷം ഇയാൾ പനിബാധിച്ച് മരിച്ചതായി ഓൺലൈൻ വാർത്ത പ്രചരിച്ചു. എന്നാൽ, നിക്കോളാസിന്റെ ജന്മനാടായ റോഡ് ഐലൻഡിലെ കുടുംബവും പൊലീസും വാർത്തയിൽ സംശയം പ്രകടിപ്പിച്ചു. 2019ൽ സ്‌കോഡ്ലൻഡിൽ കൊവിഡ്-19 ചികിത്സയിലിരിക്കെയാണ് നിക്കോളാസിനെ അറസ്‌റ്റ് ചെയ്‌തത്. ഇന്റർപോൾ നോട്ടീസിൽ നിന്ന് ലഭിച്ച ചിത്രത്തിൽ നിന്ന് ഇയാളുടെ തോളിലെ ടാറ്റൂ ചിഹ്നങ്ങൾ ആശുപത്രി ജീവനക്കാർ തിരിച്ചറിഞ്ഞതോടെയാണ് പിടിയിലായത്. തുടർന്ന് നിക്കോളാസിനെ അമേരിക്കയിലേക്ക് എത്തിക്കുകയായിരുന്നു.
38 കാരനായ നിക്കോളാസ് റോസി സ്‌ത്രീകളെ തുടർച്ചയായി ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണെന്ന് കോടതി നിരീക്ഷിച്ചു. 2008ൽ വടക്കൻ യൂട്ടായിൽ രണ്ട് സ്‌ത്രീകളെ ബലാത്സംഗം ചെയ്തതിന് കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യത്തെ കേസിനാണ് ശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസിന്റെ വിധി നവംബറിൽ നടക്കും. ഇയാളുടെ മോചനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് പരോൾ ബോർഡ് ആയിരിക്കും.
ഇത് പ്രതികാരത്തിനായുള്ള അപേക്ഷയല്ല, സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ളതാണെന്ന് അതിജീവിത കോടതിയോട് പറഞ്ഞു. എന്നാൽ, താൻ കുറ്റം ചെയ്തിട്ടില്ലെന്നും സ്‌ത്രീകൾ കള്ളം പറയുകയാണെന്നുമാണ് നിക്കോളാസിന്റെ പ്രതികരണം. വീൽചെയറിലാണ് നിക്കോളാസ് കോടതിയിൽ എത്തിയത്. ഓക്‌സിജൻ ടാങ്കുകളുടെ സഹായത്തോടെയാണ് ഇയാൾ ശ്വസിക്കുന്നത്.