ക്ലബിന്റെ ട്രയൽസിനെന്ന് പറഞ്ഞ് കബളിപ്പിച്ചു, സെനഗൽ ഗോൾകീപ്പറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Tuesday 21 October 2025 5:17 PM IST

‌‌ഡാക്കർ: സെനഗല്‍ യുവ ഫുട്‌ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം നൽകാത്തതിനാൽ കൊലപ്പെടുത്തി. ഗോൾകീപ്പർ ചെയ്ഖ് ടൂറെ (18) യാണ് കൊല്ലപ്പെട്ടത്. ഘാനയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സിനെന്നു പറഞ്ഞ് കബളിപ്പിച്ചാണ് സംഘം യുവതാരത്തെ കുടുക്കിയത്. ടൂറെയുടെ മാതാപിതാക്കളോട് സംഘം മോചനദ്രവ്യം ആവിശ്യപ്പെട്ടിരുന്നെങ്കിലും കുടുംബത്തിന് പണം നൽകാൻ സാധിച്ചിരുന്നില്ല. തുടർന്നായിരുന്നു കൊലപാതകം.

ശനിയാഴ്ച ആഫ്രിക്കന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് മന്ത്രാലയം ടൂറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സെനഗലിലേക്ക് തിരികെ എത്തിക്കാനുള്ല നടപടികൾ പുരോഗമിക്കുകയാണ്. സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു ടൂറെ. ടൂറെയെ തട്ടിക്കൊണ്ടു പോയ സംഘത്തെ കണ്ടുപിടിക്കാൻ ഘാന പൊലീസുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായി സെനഗലിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.