'അമ്മച്ചി പള്ളിയിൽ പോയത് എനിക്കുവേണ്ടി, പ്രേക്ഷകരുടെയും ആഗ്രഹമായിരുന്നു എന്റെ കല്യാണം'

Tuesday 21 October 2025 5:38 PM IST

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാ‌കുന്നു. 'ബോഡി ബിൽഡിംഗിലൂടെ സിനിമയിലെത്തിയ ബിനീഷ് 'പോക്കിരി രാജ', 'പാസഞ്ചർ', 'അണ്ണൻ തമ്പി', 'ആക്ഷൻ ഹീറോ ബിജു', വിജയ് ചിത്രം 'തെരി', 'പൊറിഞ്ചു മറിയം ജോസ്' തുടങ്ങി എൺപതിലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപെടത്തിയിരിക്കുയാണ് ബിനീഷ്.

തന്റെ മാത്രം ആഗ്രഹമല്ല, അമ്മച്ചിയുടെയും യൂട്യൂബ് ചാനൽ കാണുന്ന പ്രേക്ഷകരുടെയും വലിയ ആഗ്രഹമായിരുന്നു ഈ വിവാഹമെന്ന് ബിനീഷ് പറയുന്നു. ഒരു വ്ലോഗ് ഇട്ടു കഴിഞ്ഞാൽ നൂറിൽ എൺപത് ശതമാനം ആൾക്കാരും പത്ത് വർഷമായിട്ട് ചോദിക്കുന്നത് താൻ എന്താ കല്യാണം കഴിക്കാത്തതെന്നാണ്. അമ്മച്ചിയൊക്കെ പള്ളിയിൽ പോയിരുന്നത് തന്നെ എന്റെ കല്യാണം നടക്കാൻ വേണ്ടിയായിരുന്നു," ബിനീഷ് പറഞ്ഞു. അടൂർ സ്വദേശിനി താരയാണ് ബിനീഷിന്റെ വധു. അഞ്ചു വർഷമായി ഇരുവരും പരിചയത്തിലായിരുന്നു.

നിലവിൽ വിവാഹ തീയതി ഉറപ്പിച്ചിട്ടില്ലെങ്കിലും ആളുകൾക്ക് വേണ്ടി രണ്ട് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സാധാരണക്കാരന്റെ കോസ്റ്റ്യൂം ആണ് താൻ ആഗ്രഹിച്ചതെങ്കിലും കാണുമ്പോൾ നല്ല മൊഞ്ചായിട്ട് ഇരിക്കാൻ വേണ്ടി സ്യൂട്ട് മെൻസ് വെയർ സ്പോൺസർ ചെയ്ത കോസ്റ്റ്യൂമാണ് ധരിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

കല്യാണത്തിന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ ഉടൻ അറിയിക്കും. ലേറ്റ് മാര്യേജ് ആണെങ്കിലും വളരെ സന്തോഷമുണ്ടെന്ന് ബിനീഷ് പറയുന്നു. ആദ്യം വന്ന വിവാഹാലോചനകളൊക്കെ ഞാൻ വേണ്ടെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്താണ് കാരണമെന്ന് അമ്മച്ചിക്ക് മനസിലായിരുന്നില്ല. ഒടുവിൽ വീട്ടുകാർ നിർബന്ധിച്ചപ്പോഴാണ് എനിക്കൊരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയുന്നത്. അത് തന്നെ നടത്താമെന്ന് അമ്മച്ചി പറയുകയായിരുന്നു. തുടർന്ന് അളിയനും പെങ്ങളുമായി അവളുടെ വീട്ടിൽ പോയി പെണ്ണുകാണുകയും അവരുടെ വീട്ടിൽ നിന്ന് നമ്മുടെ വീട്ടിലേക്കും വരികയായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.