ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു

Wednesday 22 October 2025 9:55 PM IST

 വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്  രക്ഷയായത് ഡ്രൈവറുടെ മനഃസാന്നിദ്ധ്യം

നെടുമങ്ങാട്: കരകുളം എട്ടാംകല്ല് കെൽട്രോൺ ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ബസിന് വേഗതയില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സമയോചിതമായി ഇടപെട്ട ഡ്രൈവർ വാഹനം റോഡരികിലേക്ക് നിറുത്തുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബസിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്.

കിഴക്കേകോട്ടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ വേണാട് ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നാല് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ടയർ തൊട്ടടുത്ത ഓടയിലേക്ക് തെറിച്ചുവീണു. ആർക്കും പരിക്കില്ല. വർക്ക്ഷോപ്പിൽ നിന്ന് ജീവനക്കാരെത്തി സ്‌പെയർ ടയർ ഘടിപ്പിച്ച് ബസ് ഡിപ്പോയിലെത്തിച്ചു. സർവീസിന് മുമ്പ് ഡിപ്പോയിൽ വച്ച് ബസ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം.