ബഡ്‌സ് സ്‌കൂൾ അടഞ്ഞുതന്നെ

Wednesday 22 October 2025 2:11 AM IST

പൂട്ടിയിട്ട് 2 വർഷം

പാറശാല: ഭിന്നശേഷി കുട്ടികൾക്കായി പഞ്ചായത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ ഉദ്‌ഘാടനം കഴിഞ്ഞ് 2വർഷം പിന്നി‌ട്ടിട്ടും തുറന്നില്ല. കാരോട് പഞ്ചായത്തിലെ കുഴഞ്ഞാൻവിള വാർഡിൽ കെ.ആൻസലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നനുവദിച്ച 67ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഒറ്റനില കെട്ടിടമാണ് കാടുപിടിച്ച നിലയിൽ കിടക്കുന്നത്. പഞ്ചായത്തിലെ 60ഓളം ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി നിർമ്മിച്ചതാണീ സ്‌കൂൾ കെട്ടിടം. ചെങ്കവിള വാടക കെട്ടിടത്തിലാണ് സ്കൂളിപ്പോൾ പ്രവർത്തിക്കുന്നത്. കൂടുതൽ കൂട്ടികളെത്തുന്ന മേഖലയിൽ സ്വന്തമായുള്ള കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കാരുണ്യപ്രവർത്തകനായ പോൾരാജ് സ്‌കൂൾ നിർമ്മിക്കാനായി 10സെന്റ് നൽകിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്‌കൂൾ നിർമ്മിച്ചെങ്കിലും മുകളിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി 11കെ.വി ലൈൻ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് തടസമായി.

അധികൃതരുടെ അനാസ്ഥ

ഉദ്‌ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, കെട്ടിടത്തിന് മുകളിലൂടെ 11 കെ.വി ലൈൻ കടന്നുപോകുന്നതിനാൽ വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി അധികൃതരും തയ്യാറാകുന്നില്ല. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് അധികൃതർ സ്വമേധയാ മുന്നോട്ടുവന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷാകർത്താകളു‌ടെയും ആവശ്യം.