കുരുക്കിൽ വലഞ്ഞ് യാത്രക്കാർ, കണിയാപുരം കടക്കണമെങ്കിൽ മണിക്കൂറുകൾ വേണ്ടി വരും

Wednesday 22 October 2025 2:51 AM IST

കഴക്കൂട്ടം: ദേശീപാതയിലെ കണിയാപുരം-പള്ളിപ്പുറം ഭാഗത്ത് ഇന്നലെ രാവിലെ മണിക്കൂറുകളോളം അനുഭവപ്പെട്ട ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ജോലികളെ തുടർന്ന് രൂപപ്പെട്ട കുഴികളും വെള്ളക്കെട്ടുമാണ് കുരുക്കിന് കാരണം.

സ്‌കൂൾ വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും സമയത്തെത്താൻ കഴിയാതെ ബുദ്ധിമുട്ടി. രോഗികളുമായി കടന്നുപോയ ആംബുലൻസുകൾക്കും കണിയാപുരം കടന്നുകിട്ടാൻ പ്രയാസമായിരുന്നു. വെട്ടുറോഡ് ആര്യാസ് ഹോട്ടലിന് സമീപത്തെ വെള്ളക്കെട്ടും കുഴിയുമാണ് കുരുക്ക് വർദ്ധിപ്പിക്കുന്നത്. ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും ജോലികൾ വൈകുന്നത് പ്രതിസന്ധിയാണെന്നും യാത്രക്കാർ പറയുന്നു.