തളിപ്പറമ്പ് അഡീ. ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിൽ രണ്ടാംഘട്ട വിസ്താരം തുടങ്ങി

Tuesday 21 October 2025 9:39 PM IST

ഇന്നലെ വിസ്തരിച്ചത് കേസിലെ സാക്ഷിയായ ധനരാജിന്റെ ഭാര്യ സജിനിയെ

തളിപ്പറമ്പ്: സി.പി.എം പ്രവർത്തകൻ പയ്യന്നൂർ കുന്നരു കാരന്താട്ടെ ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാംഘട്ട വിസ്താരം ആരംഭിച്ചു. തളിപ്പറമ്പ് അഡീ. ജില്ലാ സെഷൻസ് കോടതിയിൽ ജഡ്ജ് കെ.എൻ.പ്രശാന്തിന്റെ മുമ്പാകെയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ വിചാരണ തുടങ്ങിയത്.

2016 ജൂലായ് 11ന് രാത്രിൽ ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായ ധനരാജിനെ ഒരു സംഘം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജിന്റെ ഭാര്യ സജി നിയെയാണ് ഇന്നലെ വിസ്തരിച്ചത്. കൊലപാതകത്തിന്റെ ദൃക്സാക്ഷികളാണ് സജിനിയും ധനരാജിന്റെ മാതാവ് മാധവിയും. പ്രമുഖ അഭിഭാഷകൻ സി.കെ.ശ്രീധരനാണ് ഈ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടർ. ആർ.എസ്.എസ് നേതാക്കളായ അജീഷ്, തമ്പാൻ എന്നിവരടക്കം 20 പേരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് വേണ്ടി ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ പ്രതാപൻ ജി പടിക്കൽ, തലശേരിയിലെ അഡ്വ.ടി.സുനിൽകുമാർ, പി.പ്രമരാജൻ എന്നിവരാണ് ഹാജരാകുന്നത്.

നവംബർ 25 വരെയാണ് രണ്ടാംഘട്ട വിസ്താരം. നേരത്തെ ഒന്നാംഘട്ട വിചാരണയിൽ ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയായിരുന്നു. ആദ്യ വിചാരണയിൽ കൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും അക്രമികളുടെ ആയുധങ്ങളെയും സാക്ഷി തിരിച്ചറിഞ്ഞിരുന്നു. സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറി അഡ്വ.പി.സന്തോഷ്, നഗരസഭ മുൻ ചെയർപേഴ്സൺ കെ.പി.ജ്യോതി, ഏരിയാ കമ്മിറ്റിയംഗം എ.വിജേഷ് എന്നിവരും കോടതിയിലെത്തി.