കാബൂളിലെ ടെക്‌നിക്കൽ മിഷൻ ഇനി എംബസി

Wednesday 22 October 2025 1:25 AM IST

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ ടെക്‌നിക്കൽ മിഷനെ എംബസിയായി ഉയർത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് ചർച്ചയായിരുന്നു.

എംബസി പദവി പനഃസ്ഥാപിച്ചതോടെ അഫ്ഗാനിലേക്ക് ഇന്ത്യ വീണ്ടും നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയതോടെയാണ് ഇന്ത്യൻ എംബസി അടച്ചത്. താലിബാൻ ഭരണകൂടം ഇന്ത്യയിലേക്കും നയതന്ത്ര പ്രതിനിധികളെ അയയ്ക്കുമെന്നാണ് സൂചന. നയതന്ത്ര ബന്ധം പൂർണമായി പുനഃസ്ഥാപിക്കപ്പെട്ട ശേഷം ഇന്ത്യ അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.