അടിമാലി മേഖലയിൽ വ്യാപക മഴ: മരങ്ങൾ കടപുഴകി വീണു

Wednesday 22 October 2025 12:29 AM IST
കൊച്ചി- ധനുഷ്കോടി ശദേശീയ പാതയിൽ ചീയപ്പാറക്ക് സമീപം വൻമരം കടപുഴകി വീണപ്പോൾ

അടിമാലി: അടിമാലി മേഖലയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം വൻമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പാതയോരങ്ങളിൽ നിരവധി മരങ്ങൾ അപകട ഭീഷണിയായിട്ടുണ്ട്. പാത നിർമ്മാണം നിലച്ചതോടെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീതിയിലാണ് യാത്രികർ. നിർമ്മാണ ആവശ്യത്തിനായി മണ്ണെടുത്ത ഇടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. മിക്കയിടങ്ങളിലും ഇടുങ്ങിയ പാതയും, ഇടിഞ്ഞ സംരക്ഷണഭിത്തിയും അപകടം ക്ഷണിച്ചു വരുത്തുന്നു. അപായസൂചനകൾ ഒന്നും സ്ഥാപിച്ചിട്ടില്ല.

ബോട്ട് സവാരി നിർത്തിവെച്ചു കല്ലാർകുട്ടി പൊൻമുടി ഡാമുകളുടെ ഷട്ടറുകൾ തുറന്ന് ചെറിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. വിവിധ ഇടങ്ങളിൽ തൊഴിലുറപ്പ് ഭാഗികമായി നിർത്തിവെച്ചിരുന്നു. കനത്ത മഴയിലും പൊൻമുടി ടൂറിസം കേന്ദ്രത്തിൽ വിനോദ സഞ്ചാരികളുടെ തിരക്കായിരുന്നു. കനത്ത മഴയെത്തുടർന്ന് ബോട്ട് സവാരി നിർത്തിവെച്ചു.