ശമ്പളം കൂട്ടിക്കിട്ടാതെ സ്കൂൾ പാചകത്തൊഴിലാളികൾ

Wednesday 22 October 2025 2:32 AM IST

ആലപ്പുഴ: നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും വർഷങ്ങളായി നൽകിയിട്ടും സ്കൂൾ പാചകത്തൊഴിലാളികൾക്കായി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം നടപ്പാക്കാതെ സർക്കാർ. പാചകത്തൊഴിലാളികൾ ഉൾപ്പടെയുള്ള സ്കീം തൊഴിലാളികളുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്.

എന്നാൽ, കാലാവധി കഴിയാൻ മാസങ്ങൾ മാത്രം നിലനിൽക്കെ ഈ വാഗ്ദാനങ്ങളൊന്നും സർക്കാർ നടപ്പാക്കാത്തതാണ് പാചകത്തൊഴിലാളികൾക്ക് തിരിച്ചടിയായത്.

ഈ ആവശ്യം ഉന്നയിച്ച് അടുത്ത മാസം മുതൽ സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.

സ്കൂളുകളിൽ 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം പാചകം ചെയ്യാൻ ഒരാളെക്കൊണ്ട് സാധിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു. ജോലിഭാരം കുറയ്ക്കാൻ പാചകത്തൊഴിലാളികൾ തന്നെ സഹായിയായി ഒരാളെ നിയമിക്കും. ശമ്പളത്തിന്റെ പകുതി സഹായിക്ക് നൽകും.250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന ആവശ്യം തൊഴിലാളികൾ മുന്നോട്ടുവച്ചപ്പോൾ 300 കുട്ടികൾക്ക് തൊഴിലാളി എന്ന നിലയിലേക്ക് മാറ്റം വരുത്താമെന്ന സർക്കാർ വാഗ്ദാനം നൽകിയെങ്കിലും അതും നടപ്പായില്ല.

ഒഴിയാതെ കുടിശിക

 നിലവിൽ സെപ്തംബർ മാസത്തെ ശമ്പളവും ജൂലായ്, ആഗസ്റ്റ് മാസത്തിലെ കേന്ദ്രവിഹിതമായ 1000 രൂപയും കുടിശികയാണ്

 ഈ അദ്ധ്യയനവർഷം മുതൽ എല്ലാമാസവും അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല

 കേന്ദ്രനിയമ പ്രകാരം 1000 രൂപയാണ് പ്രതിമാസ ഓണറേറിയം. 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം

 എന്നാൽ, 22 ദിവസം ജോലി ചെയ്താൽ ദിവസം 600 രൂപ നിരക്കിൽ 13,200 രൂപ സംസ്ഥാനം നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ 1000 രൂപ ഉൾപ്പെടെയാണിത്

ആകെ അംഗീകൃത തൊഴിലാളികൾ : 13327

ഒരുദിവസത്തെ ശമ്പളം- 600

പ്രകടന പത്രികയിലെ വാഗ്ദാനമായ 700 രൂപ മിനിമം കൂലിയും കഴിഞ്ഞ രണ്ടുതവണ നടത്തിയ ചർച്ചയിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങളും നടപ്പിലാക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തും.

- പി.ജി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി

സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ