'ആക്രമിക്കപ്പെട്ടാൽ അഫ്ഗാനികൾ മാതൃരാജ്യത്തെ ധീരമായി പ്രതിരോധിക്കും', പാക്-താലിബാൻ സംഘർഷത്തിന് പിന്നിൽ ഇന്ത്യയെന്ന ആരോപണം തള്ളി അഫ്ഗാൻ
കാബൂൾ: പാകിസ്ഥാൻ-താലിബാൻ സംഘർഷത്തിന് പിന്നിൽ ഇന്ത്യയെന്ന പാകിസ്ഥാൻ ആരോപണത്തിന് ശക്തമായ മറുപടിയുമായി അഫ്ഗാൻ. അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദാണ് ആരോപണങ്ങളെ തള്ളിക്കളഞ്ഞത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്ന നയം തങ്ങൾക്കില്ലെന്നും മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.
'ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഞങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നത് ഞങ്ങളുടെ നയമല്ല. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലെ ഇന്ത്യയുമായി ഞങ്ങൾ ബന്ധം പുലർത്തുന്നുണ്ട്. ദേശീയ താൽപര്യങ്ങളുടെ ചട്ടക്കൂടിൽ നിന്ന് ആ ബന്ധം ശക്തിപ്പെടുത്തും.' മുഹമ്മദ് യാക്കൂബ് മുജാഹിദ് അറിയിച്ചു. വെടിനിർത്തൽ കരാർ പാലിക്കാത്ത പാകിസ്ഥാന്റെ നടപടിയെ താലിബാൻ മന്ത്രി വിമർശിച്ചു. പാകിസ്ഥാനടക്കം ഒരുരാജ്യത്തെയും സായുധസംഘങ്ങളെ പിന്തുണയ്ക്കുന്നത് തങ്ങളുടെ നയമല്ലെന്നും മുഹമ്മദ് യാക്കൂബ് മുജാബിദ് പറഞ്ഞു. വെടിനിർത്തൽ കരാർ പാലിക്കാതെ പാകിസ്ഥാനാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്.
പാകിസ്ഥാൻ കരാർ പാലിക്കുന്നതായി ഉറപ്പാക്കാൻ ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ സഹായവും അഫ്ഗാൻ അഭ്യർത്ഥിച്ചു. അഫ്ഗാനും പാകിസ്ഥാനും അയൽരാജ്യങ്ങളാണെന്നും തങ്ങൾക്കിടയിലെ സംഘർഷം ആർക്കും ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ആക്രമിക്കപ്പെട്ടാൽ അഫ്ഗാനികൾ മാതൃരാജ്യത്തെ ധീരമായി പ്രതിരോധിക്കുമെന്നും മുഹമ്മദ് യാക്കൂബ് മുജാഹിദ് വ്യക്തമാക്കി.