ബ്രൈമൂർ എസ്റ്റേറ്റ് വനംഭൂമി കൈയേറിയെന്ന് പരാതി; സർവേ നടത്താനുള്ള നിർദ്ദേശം അട്ടിമറിച്ചു
തിരുവനന്തപുരം: പാലോട് അതിർത്തിയിലുള്ള ബ്രൈമൂർ എസ്റ്റേറ്റ് വനഭൂമി കൈയേറിയെന്ന് പരാതി. എസ്റ്റേറ്റിന്റെ അതിരുകൾ സർവേ നടത്തണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (മാനേജ്മെന്റ്) ഡി.എഫ്.ഒയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടികൾ അട്ടിമറിച്ചു. ഇതിനെതിരെ വനംവിജിലൻസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് പരാതിക്കാർ പൊലീസ് വിജിലൻസിനെ സമീപിച്ചു.
900 ഏക്കർ ഭൂമിയാണ് റവന്യു വകുപ്പ് പാട്ട വ്യവസ്ഥയിൽ നൽകിയിട്ടുള്ളത്. വനഭൂമി കൈയേറി ഇതിപ്പോൾ ആയിരത്തിലധികം ഏക്കറുണ്ടെന്നാണ് ആരോപണം. പരാതി ഉയർന്നതിനെ തുടർന്ന് വനം, റവന്യു, സർവേ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്തമായി സർവേ നടത്തി എസ്റ്റേറ്റ് ഭൂമി കൃത്യമായി തിട്ടപ്പെടുത്തിയതിന് ശേഷം ഭൂമിയുടെ കരം സ്വീകരിച്ചാൽ മതിയെന്ന് റവന്യു വകുപ്പ് നിർദ്ദേശിച്ചിരുന്നു.എന്നാൽ, അടുത്തിടെ വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഡിവിഷണൽ സർവേയറെക്കൊണ്ട് സർവേ നടത്തി കൈയേറ്റമില്ലെന്ന് റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന് എസ്റ്റേറ്റിലെ പഴയ റബർ മരങ്ങൾ മുറിക്കുന്നതിനും റീപ്ലാന്റ് ചെയ്യുന്നതിനും ജില്ലാ കളക്ടർ അനുമതി നൽകി. വനം,റവന്യു, സർവേ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സർവേ നടത്തുന്നത് തടയുന്നതിനായി വ്യാജ സർവേ നടത്തിയെന്ന ആരോപണവുമുയരുന്നുണ്ട്.
ലക്ഷങ്ങളുടെ വൻമരങ്ങളും കടത്തി
പഴയ റബർ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവിൽ ബ്രൈമൂർ എസ്റ്റേറ്റിലുണ്ടായിരുന്ന തേക്ക്, ഈട്ടി,ചന്ദനം അടക്കമുള്ള വൻമരങ്ങളും മുറിച്ചുകടത്തിയതായി പരാതിക്കാർ ആരോപിക്കുന്നു. പാലോടുനിന്ന് വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പാലോട്- മങ്കയം ചെക്ക് പോസ്റ്റിലൂടെ മരങ്ങൾ മുറിച്ചുകടത്തിയത്. ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ യന്ത്രങ്ങളുടെ സഹായത്തോടെ വേരടക്കം പിഴുതുമാറ്റിയാണ് കടത്തിയത്. പിഴുതെടുത്ത ഭാഗങ്ങൾ മണ്ണിട്ട് മൂടുകയും ചെയ്തു. ഇക്കാര്യങ്ങൾ തിരുവനന്തപുരം ഡി.എഫ്.ഒ, വനം വിജിലൻസ് എ.പി.സി.സി.എഫ് എന്നിവരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാർ പറയുന്നു.