ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം ബഞ്ചമിൻ കൂടുതൽ കേസുകളിൽ പ്രതിയാകും
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള ട്രക്ക് ഡ്രൈവറും മധുര സ്വദേശിയുമായ ബഞ്ചമിൻ കൂടുതൽ കേസുകളിൽ പ്രതിയാകും.
തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെയടക്കം ഉപദ്രവിക്കാറുള്ള ഇയാളുടെ കൂടുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകുമെന്ന് അസി. കമ്മിഷണർ അനിൽകുമാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ കൂടുതൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ അതിലെല്ലാം ഇയാളെ പ്രതിയാക്കും. സ്ത്രീകളെ ഉപദ്രവിക്കുന്നതിന് പുറമെ നിരവധി മോഷണങ്ങളും ഇയാൾ നടത്തിയെന്നാണ് സൂചന. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് ഇയാൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചത്.
തമിഴ്നാട്ടിൽ ബഞ്ചമിനെതിരെ നിരവധി കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ആറ്റിങ്ങലിലേക്കു പോയ പ്രതി അവിടെ നിന്നു മധുരയിലേക്ക് കടക്കുകയായിരുന്നു. മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയിൽ ലോഡുമായി എത്തുന്നയാളാണ് ബഞ്ചമിൻ. തോന്നയ്ക്കലിലുള്ള ഗ്യാരേജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണ് തങ്ങിയത്.
റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ടത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലെത്തി ഉറങ്ങുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
യുവതി ഞെട്ടി ഉണർന്ന് ബഹളം വച്ചപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. പുലർച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്ന ശേഷമാണ് ബഞ്ചമിൻ ആറ്റിങ്ങലിലേക്കു കടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സുരക്ഷ കൂട്ടാൻ പൊലീസ്
ഹോസ്റ്റലുകളിൽ സി.സി ടിവി ക്യാമറ സ്ഥാപിക്കണമെന്നും രജിസ്റ്ററുകൾ സൂക്ഷിക്കണമെന്നും
പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗും ശക്തമാക്കി.