നെടുമങ്ങാട് സംഘർഷം: ഗൂഢാലോചനയ്ക്ക് തെളിവുകൾ, പ്രമുഖരും കുടുങ്ങും

Wednesday 22 October 2025 2:06 AM IST

നെടുമങ്ങാട്: സി.പി.എം - എസ്.ഡി.പി.ഐ സംഘർഷത്തിന്റെ മറവിൽ, ആംബുലൻസ് കത്തിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം.ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചനയാണ് പുറത്തുവരുന്നത്.പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നതെന്ന് നെടുമങ്ങാട് പൊലീസ് സൂചിപ്പിച്ചു.

നെടുമങ്ങാട് ജില്ലാശുപത്രി കവാടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ് തീവച്ച് നശിപ്പിച്ചത്.

ഒന്നിലധികം വാഹനങ്ങളിലെത്തിയ സംഘമാണ് ആംബുലൻസിന് തീയിട്ടതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ, ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

സൈബർ സെല്ലിന്റെ സഹായവും മറ്റു ശാസ്ത്രീയ തെളിവുകളും തേടിയിരിക്കുകയാണ് പൊലീസ്.കായ്പ്പാടി കുമ്മിപ്പള്ളിക്ക് സമീപം രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ ആക്രമണം നടത്തുകയും എസ്.ഡി.പി.ഐ വക ആംബുലൻസിന് കേടുപാട് വരുത്തുകയും ചെയ്ത കേസിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അഴിക്കോട് ജംഗ്‌ഷനിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ കാറിൽ പിന്തുടർന്നെത്തി കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച അക്രമികളെയും,എസ്.ഡി.പി.ഐയുടെ ആംബുലൻസിനു കേടുപാട് വരുത്തിയവരെയും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റുണ്ടാകും.നെടുമങ്ങാട് എ.എസ്.പിയുടെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെ 1ഓടെയാണ് നെടുമങ്ങാട് ജില്ലാശുപത്രിയുടെ മുന്നിലെ ആംബുലൻസ് പാർക്കിംഗ് ഏരിയായിൽ ഡി.വൈ.എഫ്.ഐയുടെ റെഡ്‌കെയർ ആംബുലൻസ് അഗ്നിക്കിരയാക്കിയത്.അതിനു തൊട്ടുമുമ്പാണ് ഭാര്യയും മകനുമൊത്ത് സ്‌കൂട്ടറിൽ വന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊതുസ്ഥലത്ത് വച്ച് ആക്രമിച്ചത്.പിന്നാലെ,ഹെൽമെറ്റും മുഖംമൂടിയും ധരിച്ചെത്തിയ അക്രമികൾ കായ്പ്പാടിയിലെ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളുടെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർക്കുകയും,എസ്.ഡി.പി.ഐ ആംബുലൻസിന്റെ ചില്ലുകളും മാരുതി ആൾട്ടോ കാറിന്റെ വിന്റോ ഗ്ലാസും വെട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു.ശക്തമായ പൊലീസ് കാവലാണ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡി.വൈ.എഫ്.ഐ യൂണിറ്റ് - മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനാചരണവും പ്രകടനവും നടത്തി.