കുറ്റം ചെയ്ത ശേഷം നേരെ പോയത് കാമുകിക്കൊപ്പം കഴിയാന്‍; നിര്‍ണായകമായത് ക്യാമറയില്‍ പതിഞ്ഞ വാഹന നമ്പര്‍

Tuesday 21 October 2025 11:31 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ അതിസാഹസികമായാണ് കേരള പൊലീസ് പിടികൂടിയത്. തമിഴ്‌നാട് മധുര സ്വദേശിയായ ബെഞ്ചമിനെ കേരള പൊലീസ് കീഴടക്കിയത് ലോക്കല്‍ പൊലീസിന്റെ സഹായം പോലും തേടാതെയാണ്. മധുരയില്‍ പുലര്‍ച്ചെ എത്തിയ സംഘം വളരെ രഹസ്യമായിട്ടാണ് നീക്കങ്ങള്‍ നടത്തിയത്. കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഉറങ്ങിക്കിടക്കുമ്പോള്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം പ്രതി സ്വന്തം നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

പീഡനത്തിന് ശേഷം ഇയാള്‍ നേരെ പോയത് പെണ്‍സുഹൃത്തുക്കളില്‍ ഒരാളുടെ അടുത്തേക്കാണ്. ഇവര്‍ക്കൊപ്പം കഴിയുമ്പോഴാണ് ബെഞ്ചമിന്‍ പിടിയിലായത്. ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസവും പ്രതിക്കുണ്ടായിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായ ഹോസ്റ്റലില്‍ സിസിടിവി ഇല്ലാതിരുന്നതിനാല്‍ പ്രതിയിലേക്ക് എത്തുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ലോറിയുടെ നമ്പര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ വിലാസവും ഫോണ്‍ നമ്പറും സംഘടിപ്പിച്ചു. ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നതിനാല്‍ പ്രതിയുടെ വിവരങ്ങളെല്ലാം ലഭിച്ചു. മധുരയിലേക്കു തിരിച്ച ഡാന്‍സാഫ് സംഘം സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചെ നാലു മണിയോടെയാണ് പൊലീസ് സംഘം നാഗമലൈ പുതുക്കോട്ടയില്‍ എത്തിയത്. പരിശോധനയില്‍ ഒറ്റപ്പെട്ട സ്ഥലത്തു പാര്‍ക്ക് ചെയ്തിരുന്ന ലോറി കണ്ടെത്തി. എന്നാല്‍ ബെഞ്ചമിന്‍ ലോറിയില്‍ ഉണ്ടായിരുന്നില്ല. സമീപത്തെ വീട്ടിലുണ്ടായിരുന്ന ബെഞ്ചമിന്‍ പരിചയമില്ലാത്ത ആളുകളെ കണ്ടതോടെ രക്ഷപ്പെടാനായി ഓടുകയായിരുന്നു. എന്നാല്‍ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് കേരള പൊലീസ് ഇയാളെ പിടികൂടി. എസ്ഐമാരായ വിനോദ്, മിഥുന്‍, അരുണ്‍, വിനീത്, വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ബെഞ്ചമിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.